കൊച്ചി മുസിരിസ് ബിനാലെ ഇന്ന് മുതല്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th December 2018 03:46 AM  |  

Last Updated: 12th December 2018 04:52 AM  |   A+A-   |  

 

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം ലക്കത്തിന് ഇന്ന് തിരശീല ഉയരും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ ബിനാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്ന് വൈകീട്ട് 6.30ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ രാവിലെ ഒമ്പതിന് ക്യൂറേറ്റര്‍ അനിത ദുബെ പതാകയുയര്‍ത്തും. 

ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ നീണ്ടുനില്‍ക്കുന്നത് ആണ് ബിനാലെ പ്രദര്‍ശനം. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവടങ്ങളിലായി 10 വേദികളിലാണ് ബിനാലെ നടക്കുക. ഇത്തവണ 30 രാജ്യങ്ങളില്‍ നിന്ന് 94 കലാകാരന്‍മാരാണ് ബിനാലയില്‍ പങ്കെടുക്കുന്നത്.

'അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്' എന്നതാണ് നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം.  പൊതുജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതാകും ബിനാലെയുടെ സ്വഭാവം. ആര്‍ക്കും അഭിപ്രായം സ്വതന്ത്രമായി പറയാന്‍ അവസരമൊരുക്കുന്ന പവിലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കുമെന്ന് ക്യൂറേറ്റര്‍ അനിതാ ദുബെ പറഞ്ഞു. കുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെ ആയിരിക്കുമിത്.

ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ മൂന്ന് തവണയും മറ്റ് വേദികളില്‍ ഒരു തവണയുമാണ് പ്രവേശനം അനുവദിക്കുന്നത്. 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ട് പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. പതിനെട്ട് വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.