ബാരിക്കേഡുകള്‍ നീക്കണം, രാത്രി തീര്‍ഥാടകരെ തടയരുത്; ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍

തിരക്കു നിയന്ത്രിക്കാന്‍ പൊലീസിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി
ബാരിക്കേഡുകള്‍ നീക്കണം, രാത്രി തീര്‍ഥാടകരെ തടയരുത്; ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: യുവതീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. വാവരു നടയിലും ലോവര്‍ തിരുമുറ്റത്തും മഹാകാണിക്കയിലും സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രാത്രി പതിനൊന്നരയ്ക്കു ശേഷം ശരംകുത്തിയില്‍ തീര്‍ഥാടകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം തിരക്കു നിയന്ത്രിക്കാന്‍ പൊലീസിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി.

മൂന്നംഗ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. നിയന്ത്രണങ്ങള്‍ നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാവരു നടയിലും ലോവര്‍ തിരുമുറ്റത്തും മഹാകാണിക്കയിലും സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കണം. ശരംകുത്തിയില്‍ രാത്രി തീര്‍ഥാടകരെ തടയുന്നതിനുള്ള വിശദീകരണം തൃപ്തികരമല്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കി. 

നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പു സര്‍ക്കാരിനു കൈമാറും. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല. അതേസമയം നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള ബസ് സര്‍വീസില്‍ ടുവേ ടിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചനകള്‍. ഇത്തരത്തില്‍ നിര്‍ബന്ധിച്ച് ടുവേ ടിക്കറ്റ് എടുപ്പിക്കരുതെന്ന് സമിതി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com