മഹാത്മഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍; പികെ ഫിറോസിന്റെ അബദ്ധപ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

മഹാത്മഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ - പികെ ഫിറോസിന്റെ അബദ്ധപ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മഹാത്മഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍; പികെ ഫിറോസിന്റെ അബദ്ധപ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)


കൊച്ചി: കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവനാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് എന്നാണ് ലീഗ് നേതാക്കളും അണികളും പറയാറുള്ളത്. ഈയിടെ കെടി ജലീലിന്റെ ബന്ധുനിയമനവിവാദം പുറം ലോകത്തെയറിച്ചതിന് പിന്നാലെ ലീഗില്‍ തന്നെ ഫിറോസിന്റെ ആരാധകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതേ ഫിറോസിന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധിയാണെന്നാണ് ഫിറോസിന്റെ ധാരണ. ഇതുവെച്ച് നടത്തിയ കലക്കന്‍ പ്രസംഗം ആരാധകര്‍ തന്നെ വൈറലാക്കിയപ്പോഴാണ് മറ്റുപാര്‍ട്ടിക്കാര്‍ മൂക്കത്ത്് വിരല്‍ വെച്ചത്. അതുമാത്രമല്ല പിന്നെയും വന്നു അബദ്ധജടിലമായ കുറെ കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി കഷണങ്ങളായി വെട്ടിനുറുക്കി കൊല്ലപ്പെട്ടത്  കോയമ്പത്തൂരിലാണെന്നും യുവ നേതാവ് വിളിച്ചുപറയുന്നു. പികെ ഫിറോസിന്റെ 'ചരിത്രബോധം' നവമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.

'നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത്? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു-മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി', ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. വമ്പിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.

രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി-ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.

പി കെ ഫിറോസിന്റെ പ്രസംഗം പങ്കു വെച്ച് കൊണ്ട് ധാരാളം പേര് നവമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തുന്നുണ്ട്. വിഡ്ഢിത്തം കേട്ട് കയ്യടിക്കുന്ന അണികളെയും വെറുതെ വിടുന്നില്ല സോഷ്യല്‍ മീഡിയ വിമര്‍ശകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com