സിനിമാക്കാരുടെ അധിക ഭൂമി കണ്ടുകെട്ടും, സര്‍ക്കാര്‍ നടപടി തുടങ്ങി

കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ പരാതിയില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എടപ്പാള്‍: മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നടീനടന്മാരുടെ അടക്കം കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നടപടി എടുത്ത് സര്‍ക്കാര്‍. കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ പരാതിയില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

സിനിമാക്കാരുടെ ഭൂവിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ കളക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ പരാതി അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രി റവന്യു മന്ത്രിക്ക് കൈമാറുകയായിരുന്നു.റവന്യു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റവന്യു കമ്മീഷണര്‍ നടപടി ആരംഭിച്ചിരിക്കുന്നത്. 

15 ഏക്കറില്‍ അധികം ഭൂമിയുള്ള എല്ലാവരേയും കണ്ടെത്തി ഭൂമി തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ലാന്‍ഡ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട ജില്ല രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൂമി സംബന്ധിച്ച ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

2017 ഓഗസ്റ്റിലാണ് കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ യു.കെ.ദാമോദരന്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം നല്‍കിയത്. നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശമുള്ള സിനിമാക്കാരില്‍ നിന്നും ഇവ തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം എന്നാണ് ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com