ഇതു വര്‍ഗീയ മതില്‍; ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്ന് പ്രതിപക്ഷം; സഭയില്‍ ബഹളം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th December 2018 11:01 AM |
Last Updated: 13th December 2018 11:01 AM | A+A A- |
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതില്‍ ആണെന്നും ഇതു ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്നുമുള്ള മുസ്ലിം ലീഗ് അംഗം എംകെ മുനീറിന്റെ പ്രസ്താവനയെച്ചൊല്ലി നിയമസഭയില്‍ ബഹളം. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പരാമര്‍ശം രേഖകളില്‍നിന്നു നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
വനിതാ മതിലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെയാണ് മുനീറിന്റെ പരാമര്‍ശം. ജര്‍മനിയില്‍ പണിത ബെര്‍ലിന്‍ മതില്‍ ജനങ്ങള്‍ പൊളിച്ചുമാറ്റിയതു പോലെ ഈ വര്‍ഗീയ മതിലും ജനങ്ങള്‍ പൊളിക്കുമെന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. ഇതോടെ ബഹളവുമായി ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ച് നടുത്തളത്തില്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
പരാമര്‍ശം പിന്‍വലിക്കില്ലെന്നും പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും എംകെ മുനീര്‍ വ്യക്തമാക്കി. പ്രതിപക്ഷം വനിതാ മതിലിനോടു സഹകരിക്കുകയാണ് വേണ്ടതെന്ന് നേരത്തെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വനിതാ മതിലില്‍ വര്‍ഗീയതയില്ല. മറിച്ച് വനിതകളുടെ അഭിമാനമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെ വര്‍ഗീയമായി ചിത്രീകരിക്കുന്ന വനിതകളെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്നും ഭരണപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
നേരത്തെ എംഎല്‍എമാരുടെ സമരത്തോട് സര്‍ക്കാര്‍ നിസംഗ സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചിരുന്നു.