ആ ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ല, സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം ; അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ വളപട്ടണം എസ്‌ഐക്ക് ഹൈക്കോടതി നോട്ടീസ്

കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ എം ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി
ആ ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ല, സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം ; അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ വളപട്ടണം എസ്‌ഐക്ക് ഹൈക്കോടതി നോട്ടീസ്


കൊച്ചി: അഴീക്കോട് എംഎല്‍എ കെ എം  ഷാജിക്ക് അയോഗ്യത വിധിച്ച കേസില്‍ മതസ്പര്‍ധ ഉണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ലഘുലേഘ പൊലീസ് കണ്ടെടുത്തതല്ല സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം.  വര്‍ഗീയ പരാര്‍ശമുള്ള നോട്ടിസ് പരാതിക്കാരനായ സിപിഎം നേതാവ് സ്‌റ്റേഷനില്‍ എത്തിച്ചതാണെന്നു തെളിയിക്കുന്ന രേഖ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ എം ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി

വളപട്ടണം പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ മഹസറിലാണ്, വര്‍ഗീയ പരാര്‍ശമുള്ള നോട്ടിസ് പരാതിക്കാരനായ സിപിഎം നേതാവ് സ്‌റ്റേഷനില്‍ എത്തിച്ചതാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.  അതേ സമയം യുഡിഎഫ് പ്രാദേശിക നേതാവ് എന്‍ ടി മനോരമയുടെ വീട്ടില്‍നിന്നു വര്‍ഗീയത പരത്തുന്ന രേഖ പിടിച്ചെടുത്തെന്നായിരുന്നു എസ്‌ഐ നല്‍കിയ മൊഴി. ഇതിനെതിരെയാണു കെ.എം. ഷാജി കോടതിയെ സമീപിച്ചത്.

ഇസ്‌ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എംഎല്‍എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. തെളിവുകള്‍ പരിഗണിച്ചാല്‍, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്‌തെന്നും മുസ്‌ലിം അല്ലാത്തവര്‍ക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തി. തുടര്‍ന്ന് ഷാജിയുടെ വിജയം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com