ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിക്കുന്നു; ബിജെപിയെ കുറിച്ചോ ശബരിമലയെ പറ്റിയോ പരാമര്‍ശമില്ല, വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് 

സെക്രട്ടറിയേറ്റ് പടിക്കലിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മാഹൂതി ശ്രമം നടത്തി ആശുപത്രിയില്‍ മരിച്ച ആളുടെ മരണമൊഴി പുറത്ത്
ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിക്കുന്നു; ബിജെപിയെ കുറിച്ചോ ശബരിമലയെ പറ്റിയോ പരാമര്‍ശമില്ല, വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് 

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മാഹൂതി ശ്രമം നടത്തി ആശുപത്രിയില്‍ മരിച്ച ആളുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെ കുറിച്ചോ ശബരിമലയെ കുറിച്ചോ മരണമൊഴിയില്‍ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വേണുഗോപാലന്‍ നായരുടെ മരണമൊഴില്‍ പറയുന്നു. ഡോക്ടര്‍ക്കും മജിസ്‌ട്രേറ്റിനും മുന്‍പില്‍ വേണുഗോപാലന്‍ നായര്‍ നല്‍കിയ മരണമൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കുറെ നാളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മരണമൊഴില്‍ പറയുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് പിന്തുണയുമായി ശബരിമല കര്‍മ്മസമിതി രംഗത്ത് എത്തിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകിട്ടു നാലു മണിയോടെയായിരുന്നു അന്ത്യം.ഇന്നു പുലര്‍ച്ചെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപ്പന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വേണുഗോപാലന്‍ നായര്‍ കടുത്ത ഭക്തനാണെന്നും യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ദുഃഖിതനായിരുന്നെന്നുമാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്വമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ മൂന്ന് മുതലാണ് ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരം തുടങ്ങിയത്. സമരപ്പന്തലില്‍ നിരാഹാരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭന്‍ നിരാഹാരം തുടങ്ങിയത്. വേണുഗോപാലന്‍നായരുടെ മരണത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സികെ പത്മനാഭന്‍ ആരോപിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com