'എം എൻ വിജയൻ' ഫുട്ബോൾ താരം ; നാക്കുപിഴയുമായി വീണ്ടും ഇ പി ജയരാജൻ 

മുഹമ്മദാലിയെ കേരളത്തിന്റെ അഭിമാനതാരമാക്കിയ കായികമന്ത്രി ഇ പി ജയരാജൻ അബദ്ധപ്രസം​ഗവുമായി വീണ്ടും
'എം എൻ വിജയൻ' ഫുട്ബോൾ താരം ; നാക്കുപിഴയുമായി വീണ്ടും ഇ പി ജയരാജൻ 

തിരുവനന്തപുരം : ബോക്സിം​ഗ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോൾ, അദ്ദേഹത്തെ കേരളത്തിന്റെ അഭിമാനതാരമാക്കിയ കായികമന്ത്രി ഇ പി ജയരാജൻ അബദ്ധപ്രസം​ഗവുമായി വീണ്ടും. കേരളത്തിലെ പ്രമുഖ ചിന്തകനും അധ്യാപകനുമായിരുന്ന എംഎൻ വിജയനെ ഫുട്ബോൾ താരമാക്കിയാണ് ഇത്തവണ ഇ പി ജയരാജൻ രം​ഗത്തെത്തിയത്. 

യൂത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസിന്റെ നാക്കുപിഴ, കമ്യൂണിസ്റ്റ് സഖാക്കൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതിനിടെയാണ് ജയരാജന്റെ പ്രസം​ഗം വൈറലാകുന്നത്.  നിയമസഭയിൽ സംസാരിക്കവെയാണ് ഇ പി ജയരാജന്‍റെ നാക്ക് വീണ്ടും പിഴച്ചത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഐ എം വിജയന് പകരമാണ്, എം എൻ വിജയനെ മന്ത്രി ഫുട്ബോൾ താരമാക്കിയത്. 

എം എൻ വിജയന് ഒപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂർ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു ഇ പി ജയരാജൻ സഭയിൽ പറഞ്ഞത്. ഇതിനിടെ സമീപത്തുള്ളവർ ഐ എം വിജയനെന്ന് മന്ത്രിയെ തിരുത്തുന്നതും  കേൾക്കാം. 

നേരത്തെ ബോക്സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോൾ ഒരു ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ അഭിമാനതാരമായിരുന്നുവെന്ന് ജയരാജൻ പറഞ്ഞത്. അന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ മന്ത്രിക്കെതിരെ ട്രോൾ പെരുമഴയായിരുന്നു.   ഹരിവരാസനത്തിന് പകരം ഗിരിവരാസനം എന്ന് ബിജെപി എം.എൽ.എ ഒ രാജഗോപാൽ പറഞ്ഞതും, ഏറ്റവുമൊടുവിൽ പി കെ ഫിറോസ് പട്ടാമ്പിയിലെ പ്രസംഗത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്  ശ്രീപെരുമ്പത്തൂർ എന്നതിന് പകരം, കോയമ്പത്തൂരിൽവെച്ചാണെന്ന് പറഞ്ഞതും സോഷ്യൽ മീഡിയയിൽ‌ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com