സമരപ്പന്തലില്‍ നിരവധി പേര്‍ ഉണ്ടായിട്ടും എങ്ങനെ ആത്മഹുതി നടന്നു; സമഗ്ര അന്വേഷണം നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

സമരപ്പന്തലില്‍ നിരവധി പേര്‍ ഉണ്ടായിട്ടും എങ്ങനെ ആത്മഹുതി നടന്നു - സമഗ്ര അന്വേഷണം നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
സമരപ്പന്തലില്‍ നിരവധി പേര്‍ ഉണ്ടായിട്ടും എങ്ങനെ ആത്മഹുതി നടന്നു; സമഗ്ര അന്വേഷണം നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. നിരവധി പേര്‍ സമരപ്പന്തലില്‍ ഉണ്ടായിട്ടും എങ്ങനെയാണ് അയാള്‍ക്ക് ആത്മഹത്യ നടത്താനായത്. സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ ആഘോഷമാക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. 

അതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തുവന്നു. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയില്‍ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തി.

വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് പിന്നാലെ സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീഅണച്ചു.

എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ട് നാലോടെയാണു മരിച്ചത്. വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്നു സഹോദരങ്ങള്‍ പറഞ്ഞു. പതിവായി ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com