സ്‌കൂള്‍ യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും; നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

സ്‌കൂള്‍ യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും; നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്‌കൂള്‍ യൂണിഫോമിനൊപ്പം തലയില്‍ തട്ടവും മുഴുക്കൈ ഷര്‍ട്ടും അനുവദിക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഒരേ വേഷം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നിരിക്കെ വേറിട്ട തരത്തില്‍ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളെ ക്‌ളാസില്‍ പ്രവേശിപ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 

തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇസ്ലാം മത വിശ്വാസികളായ തങ്ങളുടെ കുട്ടികള്‍ക്ക് തലയില്‍ തട്ടവും ഫുള്‍കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വസ്ത്രധാരണത്തില്‍ ഹര്‍ജിക്കാരുടെ മക്കള്‍ക്കുള്ള അവകാശം പോലെ സ്വകാര്യ സ്ഥാപനത്തിന് അതിന്റെ ഭരണനിര്‍വഹണത്തില്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളിന്റെ ഡ്രസ് കോഡ് പാലിക്കാന്‍ കുട്ടികള്‍ തയ്യാറാണെങ്കില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നും ടി.സി. വേണമെന്നാവശ്യപ്പെട്ടാല്‍ അനാവശ്യ പരാമര്‍ശങ്ങളില്ലാതെ നല്‍കണമെന്നും വിധിയില്‍ പറയുന്നു.

മറ്റുള്ളവരുടെ അവകാശത്തെ ഹനിച്ചുകൊണ്ട് ഒരാളുടെ അവകാശം മാത്രമായി സംരക്ഷിക്കാനാവില്ല. വ്യക്തി താത്പര്യത്തേക്കാള്‍ സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്. മറിച്ചായാലത് കലാപത്തിന് വഴിയൊരുക്കും. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കേണ്ടത് സ്‌കൂള്‍ അധികൃതരാണ്. ഇക്കാര്യത്തില്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com