കിത്താബില്‍ ഇനി ആര്‍ ഉണ്ണിയുടെ പേര് ഉപയോഗിക്കില്ല; വിശദീകരണവുമായി റഫീക്ക് മംഗലശ്ശേരി

'കിത്താബ് ' ഒരിക്കലും ഇസ്ലാം എന്ന മതത്തെ പ്രാകൃത മതമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല
കിത്താബില്‍ ഇനി ആര്‍ ഉണ്ണിയുടെ പേര് ഉപയോഗിക്കില്ല; വിശദീകരണവുമായി റഫീക്ക് മംഗലശ്ശേരി

കോഴിക്കോട്: കിത്താബ് നാടക അവതരണവുമായി ആര്‍ ഉണ്ണിയുടെ പേര് ഉപയോഗിക്കില്ലെന്ന് നാടകത്തിന്റെ സംവിധായകന്‍ റഫീക്ക് മംഗലശ്ശേരി. താങ്കള്‍ ആവശ്യപ്പെട്ടത് പോലെ രംഗാവതരണത്തില്‍ ഒരു ദൃശ്യബിംബമായി ഉപയോഗിച്ച താങ്കളുടെ 'വാങ്ക് ' എന്ന കഥാസമാഹാരത്തിന്റെ പുറം ചട്ട തുടര്‍ അവതരണങ്ങളില്‍ നിന്നും നീക്കം ചെയ്യാമെന്നും ഈയുള്ളവന്‍ ഉറപ്പ് നല്‍കുന്നു. നാടകവുമായി ബന്ധപ്പെട്ട് എന്റെയോ സുഹൃത്തുക്കളുടെയോ ഇടപെടല്‍ മൂലം താങ്കള്‍ക്കോ, 'വാങ്ക് ' ചലച്ചിത്രമാക്കുന്നവര്‍ക്കോ, മാനസികമോ , സാമ്പത്തികമോ ആയി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് റഫീക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

റഫീക്കിന്റെ കുറിപ്പ്

#സുഡാപ്പികളും #സംഘികളും കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരണ്ട ....!

പ്രിയപ്പെട്ട ഉണ്ണി ആര്‍,

നമ്മള്‍ തമ്മില്‍ സംസാരിച്ചത് പോലെത്തന്നെ ,
നമ്മുടെ പേരില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. 
താങ്കള്‍ പറഞ്ഞതു പോലെ ഈയുള്ളവനും എല്ലാതരം വര്‍ഗ്ഗീയവാദത്തിനും മതമൗലിക വാദത്തിനും എതിരാണ്.

'കിത്താബ് ', ' വാങ്ക് ' വിവാദം ഇത്തരത്തിലുള്ള ഏതെങ്കിലും സംഘടനകള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു എങ്കില്‍ താങ്കള്‍ക്കൊപ്പം ഈയുള്ളവനും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

നാടകത്തിന്റെ കോപ്പി റൈറ്റുമായി ബന്ധപ്പെട്ട് താങ്കള്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളെ സ്വീകരിക്കുന്നതിനൊപ്പം ചില കാര്യങ്ങളെ സ്‌നേഹപൂര്‍വ്വം നിരാകരിക്കുകയും ചെയ്യട്ടെ. 
താങ്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മറുപടിയാണ് ഇത്.

ആദ്യമെ പറയട്ടെ 'കിത്താബ് ' ഒരിക്കലും ഇസ്ലാം എന്ന മതത്തെ പ്രാകൃത മതമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. 
മാത്രവുമല്ല , ഞാനൊരിക്കലും ഇസ്ലാമോഫോബിയ പരത്തുന്നതിനെ അംഗീകരിക്കുന്നുമില്ല (സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിനാളുകള്‍ കണ്ട എന്റെ ' ജയഹെ ' എന്ന ഷോട്ട് ഫിലിം ഒരു തവണ കണ്ടാല്‍ ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ )

മതത്തിനകത്തെ ലിംഗനീതിയെ പ്രശ്‌നവല്‍ക്കരിക്കാനാണ് ഈ നാടകത്തില്‍ ശ്രമം നടത്തിയിട്ടുള്ളത്. 
താങ്കളുടെ 'വാങ്ക് ' എന്ന കഥ 'കിത്താബി'ന് ഒരു പ്രചോദനം മാത്രമാണ്.

പെണ്‍വാങ്ക് എന്ന ആശയം ഇതിനു മുമ്പും പലരും മുന്നോട്ടുവെച്ചിട്ടുള്ളതാണ്. എന്റെ തന്നെ 2007  ല്‍ പ്രസിദ്ധീകരിച്ച 'ബദറുദ്ദീന്‍ നാടകമെഴുതുമ്പോള്‍' എന്ന നാടകത്തിലൂടെ 'എന്തുകൊണ്ട് സ്ത്രീകള്‍ പളളിയില്‍ കയറി ബാങ്ക് കൊടുക്കുന്നില്ല ...?.' 
എന്ന ചോദ്യം പൊതു സമൂഹത്തിനു മുമ്പില്‍ വെച്ചതാണ് ...! 
എന്നാല്‍ ആ നാടകം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.....!

ഈ വര്‍ഷത്തെ സ്‌കൂള്‍ നാടകം ,
മതത്തിനുള്ളിലെ ലിംഗനീതിയെ വിമര്‍ശന വിധേയമാക്കി രൂപപ്പെടുത്താനൊരുങ്ങുന്ന
സമയത്താണ് താങ്കളുടെ 'വാങ്ക് ' എന്ന കഥ വായിക്കുന്നത്. 
വാങ്കില്‍ നിന്ന് കിട്ടിയ പ്രചോദനവും കൂടി ചേര്‍ത്ത്‌കൊണ്ട് 'കിത്താബ് ' ഒരുക്കുകയായിരുന്നു ....!

കിത്താബിന്റെ രചനാ പ്രക്രിയകളില്‍ താങ്കളുടെ കഥ വളരെയേറെ പ്രചോദനമായതുകൊണ്ടും ,
താങ്കളുടെ കഥ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതായതു കൊണ്ടും ,
പൊതു സമൂഹം സാഹിത്യചോരണം ആരോപിക്കുമെന്ന പേടിയുള്ളതുകൊണ്ടും...... അതിനൊക്കെപ്പുറമെ ഒരു എഴുത്തുകാരന്‍ മറ്റൊരു എഴുത്തുകാരന് നല്‌കേണ്ട സാമാന്യ മര്യാദയുടെ ഭാഗവുമായിട്ടുകൂടിയാണ് , താങ്കളുടെ കഥയുടെ സ്വതന്ത്ര ആവിഷ്‌കാരം എന്ന് നാടകാരംഭത്തില്‍ അനൗണ്‍സ് ചെയ്യേണ്ടി വന്നത്....!

ഒരു സ്‌കൂള്‍ നാടകമായത് കൊണ്ടും (സാധാരണ ഗതിയില്‍ മൂന്ന് അവതരണങ്ങളില്‍ സ്‌കൂള്‍ നാടകം അവസാനിക്കും. മാത്രമല്ല അത് ഒരു അമേച്ച്വര്‍ സംരംഭം ആയത് കൊണ്ട് അനുവാദം വാങ്ങേണ്ടതില്ല എന്ന 
കീഴ് വഴക്കം നിലനില്‍ക്കുന്നുമുണ്ട് ). മാത്രവുമല്ല , ഒരു പ്രചോദനം മാത്രമാണ് നാടകത്തിന് 'വാങ്കി'ല്‍ നിന്നും കിട്ടിയിരുന്നത് എന്നതു കൊണ്ടും , താങ്കളില്‍ നിന്നും അനുവാദം വങ്ങേണ്ടതില്ല എന്നാണ് ഇപ്പോഴും തോന്നുന്നത്....!

അതിനാല്‍ ,
താങ്കളുടെ കഥയുമായി കിത്താബിന് വെറും പ്രചോദനത്തിനപ്പുറം യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കട്ടെ (അത് താങ്കള്‍ തന്നെ പറഞ്ഞതും ആണ്).

നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് ഉപയോഗിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു....!!

താങ്കള്‍ ആവശ്യപ്പെട്ടത് പോലെ രംഗാവതരണത്തില്‍ ഒരു ദൃശ്യബിംബമായി ഉപയോഗിച്ച താങ്കളുടെ 'വാങ്ക് ' എന്ന കഥാസമാഹാരത്തിന്റെ പുറം ചട്ട 
തുടര്‍ അവതരണങ്ങളില്‍ നിന്നും നീക്കം ചെയ്യാമെന്നും ഈയുള്ളവന്‍ ഉറപ്പ് നല്‍കുന്നു. 
'വാങ്ക് ' ചലച്ചിത്രമാകുന്നു എന്ന വാര്‍ത്തയും ഈയിടെ അറിഞ്ഞു. നാടകവുമായി ബന്ധപ്പെട്ട് എന്റെയോ സുഹൃത്തുക്കളുടെയോ ഇടപെടല്‍ മൂലം താങ്കള്‍ക്കോ, 
'വാങ്ക് ' ചലച്ചിത്രമാക്കുന്നവര്‍ക്കോ, മാനസികമോ , സാമ്പത്തികമോ ആയി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു...!!

ഇനിയങ്ങോട്ടുള്ള നാടകത്തിന്റെ 
തുടര്‍ അവതരണങ്ങളില്‍ താങ്കളുടെ പേര് ഉപയോഗിക്കില്ല എന്നും ഉറപ്പ് തരുന്നു.

അതിനൊപ്പം നാടകത്തെ മുന്‍നിര്‍ത്തി താങ്കളുടേയും എന്റെയും പേര് ഉപയോഗിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന മതമൗലികവാദികള്‍ക്കൊപ്പമല്ല ഈയുള്ളവന്‍ എന്നും അറിയിക്കട്ടെ...!!

കേരളത്തിന്റെ മതേതര കലാസംസ്‌കാരിക മൂല്യം സംരക്ഷിക്കാന്‍ 'കിത്താബ് ' തുടര്‍ന്ന് അവതരിപ്പിച്ചേ മതിയാകൂ എന്നാണ് ഈയുള്ളവന്റെ വിലയിരുത്തല്‍. 
തുടര്‍ അവതരണങ്ങള്‍ക്ക് താങ്കളുടേയും നിസ്വാര്‍ത്ഥ പിന്‍തുണ പ്രതീക്ഷിക്കുന്നു....!

'കിത്താബ് ' ആവശ്യപ്പെട്ട എല്ലാ നാടക സംഘങ്ങള്‍ക്കും, സംവിധായകര്‍ക്കും, പൊതു സമൂഹത്തിനും യാതൊരു വിധ പ്രതിഫലവും വാങ്ങാതെ കോപ്പി റൈറ്റുകളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതെ അവതരിപ്പിക്കാനുള്ള അനുമതിയും ഇതിനൊപ്പം നല്‍കുന്നു എന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ....!!

തൂലികയും/സര്‍ഗ്ഗാത്മകതയും/കലയുമാണ് നമ്മുടെ പ്രതിരോധം എന്നും , അതിനെതിരെ ഉയരുന്ന ഏത് തരം ആക്രമണങ്ങളെയും ഒന്നായ് ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു....!

ഹൃദയപൂര്‍വ്വം, 
റഫീക്ക് മംഗലശ്ശേരി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com