വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം?; ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി

നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം?; ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി

കൊച്ചി: നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധിത സ്വഭാവമുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.  ഇതുസംബന്ധിച്ച് മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെയുളള മലയാള വേദിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത് എന്നതായിരുന്നു ഹര്‍ജിയിലെ മുഖ്യ ആരോപണം. എന്നാല്‍ വനിതാ മതില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച  കോടതി ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല എന്നും ചൂണ്ടിക്കാട്ടി.  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. 

അതേസമയം രണ്ട് കാര്യങ്ങളില്‍  ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടി. വനിതാ മതിലില്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിത സ്വഭാവമുണ്ടോ എന്നതായിരുന്നു ഇതിലെ പ്രധാന ചോദ്യം. കൂടാതെ വനിതാ മതിലില്‍ പങ്കെടുക്കാതിരുന്നാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും ഹൈക്കോടതി ചോദിച്ചു.  ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

വനിതാമതില്‍ സംബന്ധിച്ച  സര്‍ക്കാര്‍ ഉത്തരവിന്റെ തെറ്റായ പരിഭാഷയുമായി പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവില്‍ മതിലില്‍ പങ്കെടുക്കുന്നത് നിര്‍ബ്ബന്ധിതമാക്കി എന്ന് പറയുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പരിഭാഷ പരിശോധിച്ച കോടതിയ്ക്ക് അത് ബോധ്യമായി. പിന്നാലെ മലയാളവേദിയുടെ അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com