സികെ പത്മനാഭന് മുന്നില്‍ പറഞ്ഞതാണ് മരണമൊഴി; ആരും കേള്‍ക്കാതെ ഐസിയുവില്‍ പറഞ്ഞ മൊഴി അംഗീകരിക്കില്ലെന്ന് എംടി രമേശ്

സികെ പത്മനാഭന് മുന്നില്‍ പറഞ്ഞതാണ് മരണമൊഴി - ആരും കേള്‍ക്കാതെ ഐസിയുവില്‍ പറഞ്ഞ മൊഴി അംഗീകരിക്കില്ലെന്ന് എംടി രമേശ്
സികെ പത്മനാഭന് മുന്നില്‍ പറഞ്ഞതാണ് മരണമൊഴി; ആരും കേള്‍ക്കാതെ ഐസിയുവില്‍ പറഞ്ഞ മൊഴി അംഗീകരിക്കില്ലെന്ന് എംടി രമേശ്


തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ അയ്യപ്പഭക്തന്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മജിസ്ട്രറ്റിനും ഡോക്ടര്‍ക്കും മുന്നില്‍ കൊടുത്ത മൊഴിക്കല്ല, സികെ പത്മനാഭന് മുന്നില്‍ കൊടുത്ത മൊഴിക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. മജിസ്‌ട്രേറ്റിന് മുന്നില്‍ അദ്ദേഹം എന്തുമൊഴി കൊടുത്തുവെന്നറിയില്ല. രാവിലെ അദ്ദേഹം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുത്തിട്ടില്ല. എപ്പോഴാണ് മൊഴി കൊടുത്തതെന്നറിയാനുള്ള താത്പര്യം ഞങ്ങള്‍്ക്കുമുണ്ട്. ആരും കേള്‍ക്കാതെ ആരോടെങ്കിലും ഐസിയുവില്‍ വെച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതല്ല ഞങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നത്. ബിജെപി മുഖവിലയ്ക്ക് എടുക്കുന്നത് സികെ പത്മനാഭന്റെ മുന്നില്‍ പറഞ്ഞ മൊഴിയാണ്. ആ മൊഴി അയ്യപ്പഭക്തന് വേണ്ടി ഞാന്‍ സ്വയം തീ കൊളുത്തുവെന്നതാണ്. അതാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും  മറ്റെന്തെങ്കിലും മൊഴി വിശ്വസിച്ചോട്ടെ. കേരളത്തില്‍ അയ്യപ്പവിശ്വാസികള്‍ വിശ്വസിക്കുന്ന മൊഴി സികെ പത്മനാഭനോട് അദ്ദേഹം പറഞ്ഞതാണ് എംടി രമേശ് പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അദ്ദേഹത്തിന്റെ മരണമൊഴിയില്‍ ഞങ്ങള്‍ക്ക്  സംശയമുണ്ട്. രാവിലെ മജിസ്‌ട്രേറ്റ് മൊഴിയെടുക്കാന്‍ വന്നപ്പോള്‍ വേണുഗോപാലന്‍ നായര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തിരിച്ചുപോകുകയായിരുന്നു. അതിന് എല്ലാവരും സാക്ഷികളാണ്. അങ്ങനെ ഒരു മൊഴി എടുത്തിട്ടില്ലെന്ന് സഹോദരരും സാക്ഷ്യപ്പെടുത്തുന്നു. പിന്നെ എപ്പോഴാണ് സര്‍ക്കാര്‍ പറയുന്ന മൊഴിയെടുത്തത്. അതുകൊണ്ട് ആ കുടുംബത്തെ അപമാനിക്കുന്ന അപവാദ പ്രചാരണം ദേവസ്വം മന്ത്രി അവസാനിപ്പിക്കണമെന്നും രമേശ് പറഞ്ഞു. ശബരിമലയ്ക്ക് വേണ്ടി ചെയ്യാന്‍ എനിക്ക് ഇത് മാത്രമെയുള്ളുവെന്ന് പറഞ്ഞ് ശരണം വിളിച്ചാണ് അയാള്‍ ആത്മഹത്യചെയ്തത്. അതിന് സമരപ്പന്തലില്‍ ഉളളവരും പൊലീസുകാരും സാക്ഷിയാണ്. മരിച്ചയാളെയും കുടുംബത്തെയും അപമാനിക്കുന്നതില്‍ സര്‍ക്കാര്‍ പിന്തിരിയണം. അയാളുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ കിടക്കുകയാണ്. ആശുപത്രിയിലോ, അദ്ദേഹത്തിന്റെ വീട്ടിലോ എത്താന്‍ പോലും മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ തയ്യാറായിട്ടില്ലെന്നും രമേശ് കുറ്റപ്പെടുത്തി. 

ആരെയും നിര്‍ബന്ധപൂര്‍വം ഹര്‍ത്താലില്‍ പങ്കാളികളാക്കാന്‍ ബിജെപിക്ക്  താത്പര്യമില്ല. കാരണം ഇത് ഒരു രാഷ്ട്രീയ വിഷയത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെടുന്ന ഹര്‍ത്താല്‍ അല്ല. ഒരു അയ്യപ്പഭക്തന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്വയം തീ കൊളുത്തി മരിക്കാന്‍ തയ്യാറായ അസാധാരണമായ സംഭവമാണ്. അദ്ദേഹത്തിന്റെ ഈ നടപടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് മുഴുവന്‍ വിശ്വാസികളുടെയും കടമയാണ്. അതുകൊണ്ടാണ് അയ്യപ്പവിശ്വാസികള്‍ ഹര്‍ത്താലില്‍ സ്വമേധയാ പങ്കാളികളാവണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. ഹര്‍ത്താല്‍ ജനം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുക എന്നത് സ്വാഭാവികമാണ്. ജനങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ ന്യായികരിക്കാവുന്ന ഹര്‍ത്താലുണ്ടെങ്കില്‍ അത് ഇന്നത്തെ ഹര്‍ത്താലാണെന്നും രമേശ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com