ഹര്‍ത്താല്‍ എന്തിനെന്ന് ബിജെപി വ്യക്തമാക്കണം; കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് പിണറായി വിജയന്‍

ഹര്‍ത്താല്‍ നടത്തി ബിജെപിയുടെ നേതൃത്വം സ്വയം അപഹാസ്യമാകുകയാണ്. നാടിന്റെ പുരോഗതിക്ക് ഹര്‍ത്താല്‍ നല്ലതാണോയെന്ന് ചിന്തിക്കണം 
ഹര്‍ത്താല്‍ എന്തിനെന്ന് ബിജെപി വ്യക്തമാക്കണം; കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് പിണറായി വിജയന്‍

ന്യൂഡല്‍ഹി: ബിജെപിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി തീ കൊളുത്തി വേണുഗോപാലന്‍നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ എന്തിന് ആചരിക്കുന്നുവെന്ന് കേന്ദ്ര നേതൃത്വം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ നേതൃത്വം സ്വയം അപഹാസ്യമാകുകയാണ്. നാടിന്റെ പുരോഗതിക്ക് ഹര്‍ത്താല്‍ നല്ലതാണോയെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം  പറഞ്ഞു.

ബിജെപി സ്വയം അപഹാസ്യമാകുന്ന നിലപാടണ് കേരളത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍. ഒരു ന്യായീകരണവുമില്ലാത്ത ഹര്‍ത്താല്‍ ആഹ്വാനമാണിത്. ഒരു മനുഷ്യന്‍ ജീവന്‍ വെടിഞ്ഞു എന്നത് നിര്‍ഭാഗ്യകരമായ വസ്തുത തന്നെയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ ഹര്‍ത്താല്‍ ആചരിക്കുക. അത് അന്ത്യന്തം പ്രതിഷേധാര്‍ഹമായ കാര്യമാണ്. ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്. കാണേണ്ടത് ഒരു ആഴ്്ചക്കുള്ളില്‍ രണ്ട്  ഹര്‍ത്താല്‍ എന്ന നിലക്കാണ്  പോകുന്നത്. ഈയൊരുവിഷയത്തില്‍ എന്തിന് ഹര്‍ത്താല്‍ ആചരിക്കുന്നു എന്നത് ബിജെപി തന്നെ വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.

വേണുഗോപാലന്‍ നായര്‍ മരണപ്പെട്ടത് നിര്‍ഭാഗ്യകരമായ കാര്യമാണ്.അദ്ദേഹം നല്‍കിയ മൊഴി ഡോക്ടറും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നും ബിജെപി പറയുന്നതുപോലെ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രംഭരിക്കുന്ന പാര്‍ട്ടിക്ക് നാടിന്റെ പുരോഗതിയില്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ പാലക്കാട് അക്രമം. കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണു തകര്‍ത്തത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. 

ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മരിച്ച വേണുഗോപാലന്‍ നായരുടെ കുടുംബം ഇടതുപക്ഷമാണ്.ബിജെപി ജനജീവിതം തകര്‍ക്കുകയാണ്. വ്യക്തിപരമായി ഒരാള്‍ ആത്മഹത്യ ചെയ്തതിനെ ബലിദാനമായി ചിത്രീകരിക്കുന്നു. ശശികലയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫിസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com