ശബരിമല വാവര് നടയ്ക്ക് സമീപത്ത് നിന്നും ബാരിക്കേഡുകൾ നീക്കി ; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th December 2018 05:05 AM |
Last Updated: 15th December 2018 05:07 AM | A+A A- |
സന്നിധാനം: ശബരിമല സന്നിധാനത്തെ വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ ഭാഗികമായി നീക്കി.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കോടതി ഉത്തരവോ ഡിജിപിയുടെ നിർദ്ദേശമോ ലഭിച്ചാൽ മാത്രമേ ബാരിക്കേഡ് മാറ്റുകയുള്ളുവെന്നും അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നുമായിരുന്നു നേരത്തേ സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ വ്യക്തമാക്കിയിരുന്നത്.
ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അനുവദിക്കില്ലെന്നും അത്തരത്തിലുള്ള നടപടി ഉണ്ടാകുന്നുവെന്ന് തോന്നിയാൽ ഉടനടി നിയമ നടപടികൾ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ ശബരിമല ഡ്യൂട്ടിയെന്നും ഇതനുസരിച്ചുള്ള പ്രത്യേക നിർദ്ദേശങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.
ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും പൊലീസ് ഒരുക്കുമെന്നും സുഗമമായി ദർശനം നടത്തി മടങ്ങാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ് പി പി ബി രാജീവനാണ് സന്നിധാനത്തെ ക്രമസമാധാനച്ചുമതല പുതിയതായി നൽകിയിരിക്കുന്നത്.