ട്രായ് നിര്‍ദേശങ്ങള്‍ 29ന് പ്രാബല്യത്തില്‍; കേബിള്‍ ടിവി വാടക ഉയരും

കേബിള്‍ കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകള്‍ കാണുന്ന സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഇരുട്ടടിയായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശങ്ങള്‍
ട്രായ് നിര്‍ദേശങ്ങള്‍ 29ന് പ്രാബല്യത്തില്‍; കേബിള്‍ ടിവി വാടക ഉയരും

കൊച്ചി: കേബിള്‍ കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകള്‍ കാണുന്ന സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഇരുട്ടടിയായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശങ്ങള്‍. പുതിയ നിര്‍ദേശങ്ങള്‍ ഈ മാസം 29ഓടെ പ്രാബല്യത്തില്‍ വരും. ഇതോടെ ഉപഭോക്താക്കള്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാസ വാടകയിനത്തില്‍ വര്‍ധനവുകളുണ്ടാകും. 

പുതിയ നിര്‍ദേശമനുസരിച്ച് 100 ചാനലുകള്‍ കിട്ടാന്‍ 130 രൂപ ഉപഭോക്താവ് നിര്‍ബന്ധമായും നല്‍കണം. ഇതിന് പുറമെ പേ ചാനലുകള്‍ കിട്ടാന്‍ പണം വേറെയും മുടക്കണം. ഓരോ ചാനലുകള്‍ക്ക് രണ്ട് രൂപ മുതല്‍ 19 രൂപ വരെയാണ് അധിക വാടക ഈടാക്കുന്നത്. ജനപ്രിയമായ പല ചാനലുകളുടേയും മാസ വാടക 15 രൂപയാണ്. 

പ്രധാന വിനോദ ചാനലുകളില്‍ പലതും പേ ചാനലുകളായതിനാല്‍ ഇവ കാണണമെങ്കില്‍ ഇനി അധിക പണം നല്‍കേണ്ടി വരും. പലതും പല തരത്തിലാണ് പണം ഈടാക്കുന്നതിനാല്‍ ഉപഭോക്താവിന്റെ വാടകയില്‍ വര്‍ധനവിന് അത് കാരണമാകുന്നു. 

കേരളത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് കേബിള്‍ കണക്ഷനെ ആശ്രയിക്കുന്നത്. വര്‍ഷാവര്‍ഷം കേബിള്‍ ടെലിവിഷന്‍ മേഖലയില്‍ നിന്ന് ഏതാണ്ട് 900 കോടിയുടെ വരുമാനമാണ് ലഭിക്കുന്നത്. 

ജനങ്ങള്‍ക്കും കേബിള്‍ മേഖലയ്ക്കും ഒരുപോലെ ഇരുട്ടടിയായേക്കാവുന്ന നിര്‍ദേശമാണ് ട്രായ് മുന്നോട്ടുവച്ചതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിരക്ക് വര്‍ധനവ് അധികമാകാത്ത തരത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയ ശേഷം നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി നടപ്പാക്കാന്‍ ട്രായ് തയ്യാറാകണമെന്നും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com