എസ്പി സല്യൂട്ട് ചെയ്തില്ല, പരാതി നല്‍കി ഋഷിരാജ് സിങ്‌

ജില്ലാ പൊലീസ് മേധാവി തന്റെ കീഴുദ്യോഗസ്ഥനാണെന്നും, സല്യൂട്ട് നല്‍കാതെ അവഹേളിച്ചെന്നും കാണിച്ചാണ് ഋഷിരാജ് സിങ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്
എസ്പി സല്യൂട്ട് ചെയ്തില്ല, പരാതി നല്‍കി ഋഷിരാജ് സിങ്‌

തിരുവനന്തപുരം: എസ്പി സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് സര്‍ക്കാരിന് പരാതി നല്‍കി ഋഷിരാജ് സിങ്. ഇപ്പോള്‍ താന്‍ എക്‌സൈസ് കമ്മീഷണറാണ് എങ്കിലും ജില്ലാ പൊലീസ് മേധാവി തന്റെ കീഴുദ്യോഗസ്ഥനാണെന്നും, സല്യൂട്ട് നല്‍കാതെ അവഹേളിച്ചെന്നും കാണിച്ചാണ് ഋഷിരാജ് സിങ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. 

നവംബര്‍ 13ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനെത്തിയപ്പോഴായിരുന്നു സംഭവം. യോഗത്തില്‍ ഋഷിരാജ് സിങ് അരമണിക്കൂര്‍ നേരത്തെ എത്തി. ആ സമയം അവിടെ രണ്ട് ജില്ലാ പൊലീസ് മേധാവിമാരുണ്ടായിരുന്നു. അതില്‍ ഡിഐജി റാങ്കിലുള്ള ഒരാള്‍ തന്നെ ബഹുമാനത്തോടെ സമീപിച്ചു. എന്നാല്‍ രണ്ടാമത്തെയാള്‍ കണ്ടഭാവം നടിച്ചില്ല. 

ഉദാസീനത, അനുസരണക്കേട്, പൈശാചികം എന്നിങ്ങനെയെല്ലാമുള്ള വാക്കുപയോഗിച്ചാണ് എസ്പിയുടെ പെരുമാറ്റത്തെ ഋഷിരാജ് സിങ് കത്തില്‍ വിശേഷിപ്പിക്കുന്നത്. ആ സമയം സ്ഥലത്തുണ്ടായിരുന്ന ഐജിയോട് താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. തന്നെ സല്യൂട്ട് ചെയ്യാന്‍ വിസമ്മതിച്ച എസ്പിക്കെതിരെ നടപടി വേണം. 

തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രഭാതസവാരി നടത്തുന്നതിന് ഇടയില്‍ മറ്റ് പൊലീസുകാര്‍ തന്നെ ബഹുമാനിക്കുന്നില്ലെന്നും ഋഷിരാജ് സിങ് നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിന് എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഋഷിരാജ് സിങ് എഴുന്നേല്‍ക്കാതിരുന്നത് വിവാദമായിരുന്നു. വിഐപികള്‍ വരുമ്പോള്‍ വരുമ്പോള്‍ എഴുന്നേല്‍ക്കാനാവില്ലെന്നായിരുന്നു അന്ന് ഋഷിരാജ് സിങ് നല്‍കിയ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com