പികെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്

ഡിവൈഎഫ് വനിതാ നേതാവിന്റെ ലൈംഗീകപീഡന പരാതിയില്‍ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്.
പികെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്

തൃശൂര്‍: ഡിവൈഎഫ് വനിതാ നേതാവിന്റെ ലൈംഗീകപീഡന പരാതിയില്‍ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. കേസ് പൊലീസിന് കൈമാറുകയാണ് യുവതി ചെയ്യേണ്ടത്.  ശശിയെ പുറത്താക്കാതെ പാര്‍ട്ടി സംഘടിപ്പിക്കുന്ന മറ്റുപരിപാടികളിലും പങ്കെടുക്കില്ലെന്ന സാറാ ജോസഫ് പറഞ്ഞു.

പാര്‍ട്ടിയില്‍ ഒരു സ്ത്രീ പരാതി നല്‍കിയാല്‍ നീതി ലഭിക്കാത്ത അവസ്ഥയാണ്. ശ്രീമതി ടീച്ചറിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രമാത്രം കള്ളത്തരമാണ്. ഇനി ആ യുവതിക്ക് ആ പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടില്ല. നവോത്ഥാനമൂല്യത്തിനായി വനിതാ മതില്‍ നടത്തുമ്പോള്‍ ലോകത്തിലെ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളും ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു. അതുകൊണ്ട് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറാ ജോസഫ് പറഞ്ഞു.

ശശിക്കെതിരായ കേസ് പൊലീസിന് വിടണം. ഇത് പൊതുജനം ഏറ്റെടുക്കണം. സ്ത്രീകള്‍ക്ക് എങ്ങനെ നീതി കിട്ടും. ഒരുസഖാവ് കുറ്റം ചെയ്താല്‍ അത് തുറന്നുപറയാനുള്ള അവസരമില്ല. ചാന്നാര്‍ ലഹള മുതല്‍  സ്ത്രീയുടെ മാറ്റത്തിനായുള്ള പോരാട്ടങ്ങളായിരുന്നു. ഇടതുപാര്‍ട്ടി ഇങ്ങനെ നിലപാട് എടുത്താല്‍ സ്ത്രീകള്‍ക്ക് എവിടെന്ന് സുരക്ഷ ലഭിക്കും. ശ്രീമതി ടീച്ചര്‍ കൊടുത്ത  റിപ്പോര്‍ട്ട് എത്രമാത്രം കള്ളത്തരമാണ്, ഇത് പുരുഷനെ രക്ഷിക്കാനുള്ളതാണ്. ഇനി ഇത് പൊലീസ് കേസാക്കാന്‍ യുവതി തയ്യാറാകണം.

നേരത്തെ നടിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും സാറാ ജോസഫ് പറഞ്ഞു. 

''ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി ,മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില്‍ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം വലിയ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാകണം കാവല്‍ ക്കോട്ടയുടെ രൂപമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''  സാറാ ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com