രണ്ടര വര്‍ഷത്തിനിടെ 40ഓളം കവര്‍ച്ച; പൊലീസ് വേഷത്തില്‍ കൊള്ളനടത്തി 15 കോടിയോളം രൂപയും 30 കിലോ സ്വര്‍ണവും കവര്‍ന്ന സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍

ദേശീയപാതകളിലും ട്രെയിനുകളിലും കുഴല്‍പ്പണക്കടത്തു സംഘങ്ങളെയും സ്വര്‍ണവ്യാപാരികളെയുമാണു ഈ സംഘം കവര്‍ച്ചയ്ക്ക് ഇരയാക്കിരുന്നത്
രണ്ടര വര്‍ഷത്തിനിടെ 40ഓളം കവര്‍ച്ച; പൊലീസ് വേഷത്തില്‍ കൊള്ളനടത്തി 15 കോടിയോളം രൂപയും 30 കിലോ സ്വര്‍ണവും കവര്‍ന്ന സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍


തൃശൂര്‍; രണ്ടര വര്‍ഷത്തോളം പൊലീസിന് തലവേദന സൃഷ്ടിച്ച മോഷണ സംഘത്തിലെ തലവന്‍ പിടിയില്‍. പൊലീസ് വേഷത്തിലെത്തി ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കൊള്ളയും കവര്‍ച്ചയും നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വിപിനെയാണ് (പട്ടാളം വിപിന്‍-23) പൊലീസ് അറസ്റ്റിലായത്. വിദേശത്തേക്കു മുങ്ങാനുള്ള നീക്കത്തിനിടെയാണ് തൃശൂരില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ വിപിന്റെ സംഘത്തിലെ നാലു പേര്‍ പൊലീസ് പിടിയിലായിരുന്നു. ഇത് അറിഞ്ഞ് ഒളിവില്‍ പോയ വിപിന്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു. ദേശീയപാതകളിലും ട്രെയിനുകളിലും കുഴല്‍പ്പണക്കടത്തു സംഘങ്ങളെയും സ്വര്‍ണവ്യാപാരികളെയുമാണു ഈ സംഘം കവര്‍ച്ചയ്ക്ക് ഇരയാക്കിരുന്നത്. പൊലീസ് ചമഞ്ഞെത്തി ഇവരെ തെറ്റിദ്ധരിപ്പിച്ചു കസ്റ്റഡിയിലെടുക്കുകയും പിന്നീടു മര്‍ദിച്ച് അവശനാക്കി കവര്‍ച്ചയ്ക്കു ശേഷം വഴിയില്‍ ഉപേക്ഷിക്കുന്നതുമാണു പതിവ്. 

സംസ്ഥാനത്തിനകത്തും പുറത്തുമായി രണ്ടര വര്‍ഷത്തിനിടെ ചെറുതും വലുതുമായ നാല്‍പതോളം കവര്‍ച്ചകളാണു കൊള്ള സംഘം നടത്തിയതെന്നും ഇതിനുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. വിവിധ സംഭവങ്ങളിലായി 15 കോടിയോളം രൂപയും മുപ്പതു കിലോയിലേറെ സ്വര്‍ണവുമാണ് ഇവര്‍ കവര്‍ന്നത്. കുഴല്‍പ്പണക്കടത്തു സംഘങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും പരാതി ലഭിക്കാതിരുന്നതാണു കവര്‍ച്ച പുറത്തറിയാതെ പോയതിനു കാരണം.

കഴിഞ്ഞ ഓഗസ്റ്റില്‍ വളയാറില്‍ വെച്ച് നടന്ന കവര്‍ച്ചയെക്കുറിച്ച് പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് സംഘം പിടിയിലാവുന്നത്. ബസ് തടഞ്ഞുനിര്‍ത്തി സ്വര്‍ണ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി ജോണ്‍സന്റെ കയ്യില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കവര്‍ന്നത്. നേരത്തെ അറസ്റ്റിലായ സുജീഷ്, സുലൈമാന്‍, ബിജു, സുരേന്ദ്രന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com