ശബരിമല കയറാന്‍ ട്രാന്‍സ്ജന്‍ഡറുകള്‍; എരുമേലിയില്‍ പൊലീസ് തടഞ്ഞു, തിരിച്ചയച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2018 04:59 AM |
Last Updated: 16th December 2018 06:12 AM | A+A A- |
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. വേഷം മാറ്റി വന്നാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയും സൗകര്യവും ഒരുക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തുവെങ്കിലും സംഘം നിരസിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇവരെ കോട്ടയത്ത് എത്തിക്കുകയായിയിരുന്നു.
എറണാകുളം സ്വദേശികളായ ഇവര്‍ ശബരിമല ദര്‍ശനത്തിനായി നേരത്തേ
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്.
വ്രതാനുഷ്ഠാനത്തോടെ ദര്‍ശനത്തിനെത്തുന്ന തങ്ങള്‍ക്ക് മതിയായ സൗകര്യം നല്‍കണമെന്ന് സാമൂഹ്യ നീതി വകുപ്പിന് കഴിഞ്ഞ ദിവസമാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട കളക്ടര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഇവരെ കൂടാതെ കോട്ടയം , കൊല്ലം ജില്ലകളില്‍ നിന്നുള്ള ട്രാന്‍സ്ജന്‍ഡേഴ്‌സും സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.