ശബരിമല; നിരോധനാജ്ഞ ചൊവ്വാഴ്ച വരെ നീട്ടി; കനത്ത ജാഗ്രതയിൽ പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2018 06:24 PM |
Last Updated: 16th December 2018 06:25 PM | A+A A- |

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. ഈ മാസം 18 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ ഇന്ന് തീരാനിരിക്കേയാണ് വീണ്ടും നീട്ടിയത്.
നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നേതാവ് സികെ പത്മനാഭൻ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.
ക്രമസമാധാനം നിലനിർത്താൻ നിലവിലെ സ്ഥിതി തുടരണമെന്ന് പൊലീസ് നിർദേശത്തെ തുടർന്നാണ് നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ നിലയ്ക്കലിൽ അറസ്റ്റ് ചെയ്തതായി എഡിഎം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നിരോധനാജ്ഞ നീട്ടിയത്.
അതിനിടെ നിരോധനാജ്ഞ പിൻവലിക്കണമെന്നും സർക്കാർ ചെലവിൽ വർഗീയ മതിൽ സംഘടിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു യുഡിഎഫ് നാളെ രാവിലെ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കലക്‌ട്രേറ്റുകൾക്കു മുന്നിലും ധർണ നടത്തുമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.