പിണറായി സോണിയയ്ക്കും രാഹുലിനുമൊപ്പം; ദക്ഷിണേന്ത്യയില്‍ ബിജെപിക്കെതിരെ പുതുഐക്യം; ഉറ്റുനോക്കി രാജ്യം

കരുണാനിധിയുടെ പ്രതിമ അനാച്ഛാനമായിരുന്നെങ്കിലും വേദിയിലെ ഈ കൂടിച്ചേരല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍
പിണറായി സോണിയയ്ക്കും രാഹുലിനുമൊപ്പം; ദക്ഷിണേന്ത്യയില്‍ ബിജെപിക്കെതിരെ പുതുഐക്യം; ഉറ്റുനോക്കി രാജ്യം

ചെന്നൈ: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഒപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേദിയിലായിരുന്നു മൂവരും ഒന്നിച്ചണിനിരന്നത്. പ്രതിമയുടെ അനാച്ഛാദനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിച്ചു.  ഡി.എം.കെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാളയത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, നടന്‍ രജനീകാന്ത്, ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ, ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളത്തില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

കരുണാനിധിയുടെ പ്രതിമ അനാച്ഛാനമായിരുന്നെങ്കിലും വേദിയിലെ ഈ കൂടിച്ചേരല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ്പ്രമുഖ പ്രാദേശിക കക്ഷിയായ ഡി.എം.കെയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയും എം.കെ.സ്റ്റാലിനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്ന വേദിയായി ഇന്നത്തെ ചടങ്ങ് മാറി. എം.കെ.സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. 

സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ വലിയ തര്‍ക്കങ്ങളില്ലാതെ കടന്നുപോകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍. പ്രതിപക്ഷ ഐക്യത്തിനായി ശ്രമിക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണയെ എതിര്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ഗാന്ധിയുമായും സോണിയാഗാന്ധിയുമായും വേദി പങ്കിട്ടു എന്ന കൗതുകവുമുണ്ട്. ശബരി മല വിഷയത്തില്‍ പിണറായി വിജയനെതിരെ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രതിഷേധമുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com