മല ചവിട്ടാന്‍ അനുവദിച്ചില്ല, പുരുഷവേഷം ധരിക്കാന്‍ തയ്യാറായിട്ടും സുരക്ഷ നിഷേധിച്ചു ; രൂക്ഷ ആരോപണങ്ങളുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും പുരുഷവേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു എന്നും ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ 
മല ചവിട്ടാന്‍ അനുവദിച്ചില്ല, പുരുഷവേഷം ധരിക്കാന്‍ തയ്യാറായിട്ടും സുരക്ഷ നിഷേധിച്ചു ; രൂക്ഷ ആരോപണങ്ങളുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

കോട്ടയം: ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപണം. പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും പുരുഷവേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു എന്നും എറണാകുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ പറഞ്ഞു. വേഷം മാറി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറായിട്ടും ദര്‍ശനത്തിന് അനുവാദം നല്‍കിയില്ലെന്ന് ഇവര്‍ ആരോപിച്ചു. സംരക്ഷണം നല്‍കാന്‍ ആവില്ലെന്നായിരുന്നു പൊലീസ് നിലപാടെന്നും ഇവര്‍ പറഞ്ഞു. 

ശബരിമല ദര്‍ശനം പൊലീസ് തടഞ്ഞതോടെ തിരിച്ചുപോരാന്‍ നിര്‍ബന്ധിതരായ സംഘം ഇപ്പോള്‍ കോട്ടയത്താണുള്ളത്. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ നാല് ട്രാന്‍സ്‌ജെന്‍ജറുകള്‍ അടങ്ങിയ സംഘത്തെ തടഞ്ഞത്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്. ഇവര്‍ ശബരിമല ദര്‍ശനത്തിനായി നേരത്തേ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്.

പുലര്‍ച്ചെ 1.50ന് കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച് ഇവര്‍ എരുമേലി വഴി പമ്പയിലേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. തുടര്‍ന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്നാണ് ഇവരുടെ നിലപാട്.

വ്രതാനുഷ്ഠാനത്തോടെ ദര്‍ശനത്തിനെത്തുന്ന തങ്ങള്‍ക്ക് മതിയായ സൗകര്യം നല്‍കണമെന്ന് സാമൂഹ്യ നീതി വകുപ്പിന് കഴിഞ്ഞ ദിവസമാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട കളക്ടര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com