വനിതാ മതിലിനെതിരെ വീണ്ടും വിഎസ്; നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ആത്മഹത്യാപരം; ജാതി സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്

വനിതാ മതിലിനെതിരെ വീണ്ടും വിഎസ് - നയങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നു - ജാതി സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്
വനിതാ മതിലിനെതിരെ വീണ്ടും വിഎസ്; നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ആത്മഹത്യാപരം; ജാതി സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്

തിരുവനന്തപുരം: സമുദായ സംഘടനകളെ കൂട്ട് പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനെതിരെ വിഎസ് അച്യുതാനന്ദന്‍. ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ലെന്ന് ചുണ്ടിക്കാട്ടി വിഎസ് കേന്ദ്രകമ്മറ്റിക്ക് കത്തയച്ചു. മതിലിനായി സര്‍ക്കാര്‍ പണം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ്് ചെന്നിത്തല വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

നവോത്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നത് ആത്മഹത്യാപരമാണെന്നും ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തെ ചെറുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിനെ എതിര്‍ക്കുകയും നായര്‍ സമുദായത്തെ കൂടെ നിര്‍ത്തുകയും വേണമെന്ന നയം നടപ്പാക്കാനാകില്ല. കൂടാതെ പാര്‍ട്ടി നയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുവെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി കര്‍ഷക സഖ്യം നടപ്പാക്കുന്നതില്‍ പാര്‍ട്ടിക്ക് അലംഭാവമാണ്. സഖ്യത്തിന്റെ അടവും തന്ത്രവും തീരുമാനിക്കാന്‍ പ്രത്യേക യോഗം പാര്‍ട്ടി വിളിക്കണമെന്നും കത്തില്‍ വിഎസ് ആവശ്യപ്പെടുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ ജാതി സംഘടനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നവോത്ഥാന പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ വിഎസ് നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരം. ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വിഎസ് പറഞ്ഞിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് എന്‍സി ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബാലരാമപുരത്ത് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം

സമൂഹത്തില്‍ സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് ബിജെപി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ല. എന്‍എസ്എസ് പോലുള്ള ജാതി സംഘടനകളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ല. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല, വര്‍ഗസമരത്തിന്റെ രീതി ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്ന പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ കത്തില്‍ തന്നെയാണോ വിഎസ് ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുളളതെന്ന് വ്യക്തമല്ല.

പരാതിക്ക് ശേഷവും ശശിയെ ജാഥാ ക്യാപ്റ്റനാക്കിയ പാര്‍ട്ടി നടപടി ശരിയായില്ലെന്നും അന്വേഷണ കമ്മീഷന്‍ അംഗമായ എന്ത്രി എ.കെ ബാലന്‍ കൂടെ വേദി പങ്കിട്ട കാര്യവും കത്തില്‍ വിഎസ് പറയുന്നു.കൂടാതെ ശശിയെ പിന്തുണച്ച നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നും വിഷയത്തില്‍ സ്ത്രീപക്ഷത്ത് നിന്നുളള നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. ശശിക്കെതിരായ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ശശിയെ വെളളപൂശുന്ന തരത്തിലും പരാതിക്കാരിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുമാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com