ചന്ദനപെരുമ അറിഞ്ഞ് മറയൂരിലെത്തി, കൗതുകത്തിന് തൊട്ട് നോക്കി, ഒരു രസത്തിന് ഇലകള്‍ പറിച്ചെടുത്തു; പുലിവാലുപിടിച്ച് സായിപ്പും മദാമ്മയും 

സംരക്ഷിത വനമേഖലയായ മറയൂര്‍ ചന്ദനവനത്തില്‍ പ്രവേശിച്ച രണ്ട് വിദേശി യുവതിയുവാക്കള്‍ പുലിവാലു പിടിച്ചു
ചന്ദനപെരുമ അറിഞ്ഞ് മറയൂരിലെത്തി, കൗതുകത്തിന് തൊട്ട് നോക്കി, ഒരു രസത്തിന് ഇലകള്‍ പറിച്ചെടുത്തു; പുലിവാലുപിടിച്ച് സായിപ്പും മദാമ്മയും 

മറയൂര്‍: സംരക്ഷിത വനമേഖലയായ മറയൂര്‍ ചന്ദനവനത്തില്‍ പ്രവേശിച്ച രണ്ട് വിദേശി യുവതിയുവാക്കള്‍ പുലിവാലു പിടിച്ചു. യുവാവും യുവതിയും ചന്ദനമരത്തിനരികെ നില്‍ക്കുന്നതും മരത്തില്‍ തൊടുന്നതും കണ്ട് സംശയം തോന്നിയ വാച്ചര്‍ മറയൂര്‍ റേഞ്ചിന്റെ കീഴിലുള്ള നാച്ചി വയല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചു.തുടര്‍ന്ന് മറയൂര്‍ മൂന്നാര്‍ സംസ്ഥാന പാതയില്‍ പള്ളനാട് വച്ച് സ്‌കൂട്ടറില്‍ മൂന്നാറിലേക്ക് പോവുകയായിരുന്ന ഇരുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിച്ചു. പരിശോധനയില്‍ ചന്ദനമരത്തിന്റെ ഇലകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.

വിശദമായ ചോദ്യം ചെയ്യലില്‍ യൂറോപ്പ്യന്‍ രാജ്യമായ മാള്‍ട്ട സ്വദേശികളായ ആന്റണിയും ബേണിയുമാണെന്ന് ഇരുവരും പറഞ്ഞതായി അധികൃതര്‍ അറിയിച്ചു.  ഇരുവരും നാല് ദിവസം മുമ്പ് കേരളത്തിലെത്തിയതാണ്. ചെറായിയില്‍ നിന്ന് മൂന്നാറിലെത്തിയപ്പോഴാണ് മറയൂര്‍ ചന്ദനമരപെരുമ അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല, ഒരു സ്‌കൂട്ടര്‍ തരപ്പെടുത്തി മറയൂരിലെത്തുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞതായി ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ ചന്ദന മരങ്ങളുള്ള നാച്ചി വയല്‍ഭാഗത്ത് റോഡിനോട് ചേര്‍ന്നു നിന്ന മരം അടുത്തു കാണാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. ഇരുവരുടെയും സത്യാവസ്ഥ മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചു. വനം വകപ്പ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും സ്‌നേഹമായുമാണ് പെരുമാറിയതെന്ന് ആന്റണി പറഞ്ഞു. ജീപ്പില്‍ പിടിച്ച് കയറ്റിയത് മാത്രം ചെറിയ വിഷമം ഉണ്ടാക്കി.മറയൂരിലെത്തുന്ന പല സഞ്ചാരികളും നിയമമറിയാതെ സംരക്ഷിത വനമേഖലകള്‍ക്കുള്ളില്‍ കയറുകയും ചന്ദനമരത്തിന്റെ ചില്ലകള്‍ ഒടിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com