രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ കേസില്‍ അയ്യപ്പ ധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. 

തുലാമാസ പൂജ സമയത്ത് ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ലഭിച്ച ജാമ്യമാണ് വ്യവസ്ഥകള്‍ ലംഘിച്ചതിന് കോടതി റദ്ദാക്കിയത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, കോടതി അനുമതി ഇല്ലാതെ ശബരിമലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഒമ്പത് വ്യവസ്ഥകളുടെ പുറത്താണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്.

പൊലീസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ താമസിച്ച് പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാനെത്തിയതാണ് വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് പറയുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ പരിപാടിക്ക് പോയി തിരിച്ച് വന്ന ഫ്‌ളൈറ്റ് വൈകിയത് കൊണ്ടാണ് ഒപ്പിടാന്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാതെ പോയതെന്നും രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com