വനിതാ മതില്‍ വിഭാഗീയത സൃഷ്ടിക്കും; വിശ്വാസികള്‍ പങ്കെടുക്കേണ്ടത് അയ്യപ്പ ജ്യോതിയില്‍: എന്‍എസ്എസ് 

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവോത്ഥാന പരിപാടി വനിതാ മതിലിന് എതിരെ എന്‍എസ്എസ്
വനിതാ മതില്‍ വിഭാഗീയത സൃഷ്ടിക്കും; വിശ്വാസികള്‍ പങ്കെടുക്കേണ്ടത് അയ്യപ്പ ജ്യോതിയില്‍: എന്‍എസ്എസ് 

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവോത്ഥാന പരിപാടി വനിതാ മതിലിന് എതിരെ എന്‍എസ്എസ്. നവേത്ഥാനം വേണം, അനാചാരാങ്ങള്‍ മാറുകതന്നെ വേണം. എന്നാല്‍ വനിതാ മതില്‍ വിഭാഗിതയ സൃഷ്ടിക്കും. ശബരിമലയെ തകര്‍ത്ത് വിശ്വാസവും ആചാരവും അനുഷ്ഠാനവും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. 

വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കണോ വേണ്ടയോ എന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി ജനപ്രതിനിധിയാണ്. ആ നിലയിലല്ല വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. ആരേയും അംഗീകരിക്കാന്‍ തയ്യാറാല്ല.ഞങ്ങള്‍ തീരുമാനിക്കും അത് ഞങ്ങള്‍ നടപ്പാക്കും എന്നാണ്. അതിന്റെ ഫലം അവര്‍ അനുഭവിക്കും-സുകുമാരന്‍ നായര്‍ പറഞ്ഞു. 

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശക്തമായ നിലപാടെടുത്തത് എന്‍എസ്എസ് മാത്രമാണ്. അതിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. എന്‍എസ്എസിന് ഇപ്പോള്‍ സമദൂര നിലപാടാണ്. രാജ്യത്തിന് വേണ്ടി സന്ദര്‍ഭോചിത നിലപാട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വേണ്ടി  സ്വീകരിക്കും. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നവരെ ഞങ്ങളുടെ ആളുകള്‍ തുണയ്ക്കും.  റിവ്യൂഹര്‍ജി വിശ്വാസികള്‍ക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

വനിതാ മതിലില്‍ സഹകരിച്ചാല്‍ ബാലകൃഷ്ണ പിള്ളയെയും മകനേയും അയ്യപ്പ ജ്യോതിയില്‍ സഹകരിപ്പിക്കില്ലെന്നും സുകുമാരാന്‍ നായര്‍ പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന്  അംഗങ്ങള്‍ക്ക് എന്‍എസ്എസ് സര്‍ക്കുലര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com