മുൻകൂർ റിസർവേഷൻ നിർത്തി; ശബരി എക്സ്പ്രസ് യാത്രക്കാർക്ക് ഇരുട്ടടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2018 05:49 AM |
Last Updated: 18th December 2018 05:49 AM | A+A A- |

കൊച്ചി: ഹൈദരാബാദ് ശബരി എക്സ്പ്രസിൽ മുൻകൂർ റിസർവേഷൻ നിർത്തിയതിൽ പ്രതിഷേധം ശക്തം. ഐർസിടിസിയുടെ വെബ്സൈറ്റിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ശബരി എക്സപ്രസിന്റെ ടിക്കറ്റ് ലഭ്യമല്ല. സൗത്ത് സെൻട്രൽ റെയിൽവേയും ദക്ഷിണ റയിൽവേയും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്കു കാരണമായത്.
സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയാണ് ശബരി എക്സ്പ്രസ് പ്രവർത്തിപ്പിക്കുന്നത്. ഇതിന്റെ കോച്ചുകൾ തിരുവനന്തപുരം ഡിവിഷനു കൈമാറാനും ട്രെയിനിന്റെ യാത്രാ സമയം ആന്ധ്രയിലും കേരളത്തിലും ഒന്നര മണിക്കൂർ വീതം കുറച്ച് സൂപ്പർ ഫാസ്റ്റ് ആക്കാനും സൗത്ത് സെൻട്രൽ റെയിൽവേ നിർദേശം വച്ചിരുന്നു.
എന്നാൽ തിരുവനന്തപുരത്ത് സ്ഥലമില്ലാത്തതിനാൽ ട്രെയിനിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ദക്ഷിണ റെയിൽവേ. കേരളത്തിനുള്ളിൽ വേഗം കൂട്ടാൻ കഴിയില്ലെന്നു തിരുവനന്തപുരം ഡിവിഷനും അറിയിച്ചതോടെ ഇതു സംബന്ധിച്ച ഫയൽ റെയിൽവേ ബോർഡിന് മുൻപിലാണ്.
ഇതിനിടെയാണ് ട്രെയിനിന്റെ മുൻകൂർ റിസർവേഷൻ വെബ്സൈറ്റിൽ നിന്നു പിൻവലിച്ചത്. ട്രെയിനിന്റെ ഉടമസ്ഥാവകാശം ഏതു ഡിവിഷനാണെന്നു തീരുമാനിച്ച ശേഷമേ ഇനി റിസർവേഷൻ പുനരാരംഭിക്കു. എന്നാൽ ഇതു യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
ശബരിമല തീർത്ഥാടകരും മലയാളി വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ഈ ട്രെയിനിനെ സ്ഥിരമായി ആശ്രയിക്കുന്നത്. ഉച്ചയ്ക്ക് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ബസുകൾ ശബരി എക്സപ്രസിന് മുൻപേ രാവിലെ ഹൈദരാബാദിലെത്തുന്നുണ്ട്. ട്രെയിൻ എത്തുന്നത് ഉച്ചയ്ക്കു രണ്ട് മണിയോടെയും. ഇതോടെയാണ് ട്രെയിനിന്റെ വേഗം കൂട്ടുകയോ അല്ലെങ്കിൽ കേരളത്തിൽ നിന്ന് ബംഗളൂരു വഴി ഹൈദരാബാദിലെ കാച്ചിഗുഡയിലേക്ക് പുതിയ ട്രെയിൻ അനുവദിക്കുകയോ വേണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ ശബരി എക്സ്പ്രസിന്റെ വേഗം കൂട്ടാനുള്ള റെയിൽവേ നീക്കമാണ് ഇപ്പോൾ പാളിയിരിക്കുന്നത്.