കുഞ്ഞിന്റെ ചോറൂണ് നടത്തി; പട്ടികവര്‍ഗ്ഗരക്ഷിതാക്കളെക്കൊണ്ട് ശുദ്ധികര്‍മ്മം ചെയ്യിച്ചു; ജില്ലാ പൊലീസ് മേധാവിക്ക് പരാതി

.ഇത് സാധാരണകാര്യമാണ് എന്നു കരുതി ചെയ്തു. ജാതീയ വിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായത്
കുഞ്ഞിന്റെ ചോറൂണ് നടത്തി; പട്ടികവര്‍ഗ്ഗരക്ഷിതാക്കളെക്കൊണ്ട് ശുദ്ധികര്‍മ്മം ചെയ്യിച്ചു; ജില്ലാ പൊലീസ് മേധാവിക്ക് പരാതി

കാസര്‍ഗോഡ്: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരില്‍ രക്ഷിതാക്കളെ കൊണ്ട് ക്ഷേത്രത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചതായി പരാതി. കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രഭാരവാഹികളുടെ പേരില്‍ പട്ടികവര്‍ഗ്ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മൂന്നാട് ചുള്ളിവീട്ടില്‍ കെ പ്രസാദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഒക്ടോബര്‍ 20നായിരുന്നു സംഭവം.

പെരിയ കൂടാനത്ത് താമസിക്കുന്ന പ്രസാദ് മകള്‍ നൈദികയ്ക്ക് ചോറൂണ് നടത്താന്‍ ഭാര്യ കുമാരി, ഇളയമ്മ കാര്‍ത്ത്യായനി, മക്കളായ സജിത, സരിത എന്നിവര്‍ക്കൊപ്പമാണ് ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങിന് ശേഷം അവിടെ അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ നിര്‍ബന്ധമായും ചെയ്തിട്ടുപോകണമെന്ന് പറഞ്ഞു.ഇത് സാധാരണകാര്യമാണ് എന്നു കരുതി ചെയ്തു. ജാതീയ വിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായത്. ഇത്തരം അനാചാരം നടപ്പാക്കാന്‍ തീരുമാനിച്ച ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ജില്ലാ പൊലീസില്‍ ഓഫീസില്‍ പരാതി സ്വീകരിച്ച് പ്രസാദിന് രസീതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഒരുതരത്തിലുള്ള വിവേചനവും ക്ഷേത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ബലിക്കല്ലിന് മുന്നിലാണ് ചോറൂണ് നടക്കാറ്. അവിടെ അവശിഷ്ടം വീഴുന്നതിനാല്‍ ആചാരം എന്ന നിലയ്ക്ക് ചാണകവെള്ളം തളിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. അത് എല്ലാവിഭാഗക്കാരോടും ആവശ്യപ്പെടുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com