കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ല ; അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കാന്‍ എന്താണ് മടി ?; പിഎസ്‌സി പാനലില്‍ നിന്ന് കണ്ടക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്ന് ഹൈക്കോടതി

പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചവരെ രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരായി നിയമിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു
കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ല ; അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കാന്‍ എന്താണ് മടി ?; പിഎസ്‌സി പാനലില്‍ നിന്ന് കണ്ടക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്ന് ഹൈക്കോടതി


കൊച്ചി : കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി. പിഎസ് സി വഴി അഡ്വൈസ് മെമ്മോ അയച്ചവരെ ജോലിക്ക് നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്ന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് പിഎസ് സി തെരഞ്ഞെടുത്തവരെ നിയമിക്കാന്‍ കോര്‍പ്പറേഷന്‍ മടിക്കുന്നതെന്നും കോടതി ചോദിച്ചു. 

പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചവരെ രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരായി നിയമിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസിക്ക് വേണ്ടി എജി കോടതിയെ അറിയിച്ചു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും, അവര്‍ സ്വയം പഠിച്ചുകൊള്ളുമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. 

സംസ്ഥാനത്ത് 250 പേര്‍ക്ക് ഇതുവരെ നിയമനം നല്‍കിക്കഴിഞ്ഞു. 3991 പേര്‍ക്ക് നിയമനം ല്‍കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഒറ്റ താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലി ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. അതേസമയം പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജോലിക്കാര്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 
 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്, പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. രാവിലെ 10 മണിവരെ 980 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 367 ഉം എറണാകുളത്ത് 403 സര്‍വീസുകളുമാണ് മുടങ്ങിയത്. കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു എറണാകുളത്ത് 40 ശതമാനത്തോളം സര്‍വീസുകള്‍ നിര്‍ത്തി.

താല്‍ക്കാലികക്കാരെ പിരിച്ചുവിടുമ്പോള്‍ പുതുതായി പിഎസ്‌സിയില്‍ നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. അത് ശരിയായ നിലപാട് തന്നെയാണ്. പക്ഷെ അവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ അയച്ച്, അവര്‍ കൈപ്പറ്റി ജോലിയില്‍ പ്രവേശിക്കുകയും കണ്ടക്ടര്‍ ലൈസന്‍സ് എടുക്കുകയും വേണം. കോടതി ഉത്തരവ് അക്ഷരംപ്രതി നടപ്പിലാക്കണമെങ്കില്‍ തന്നെ ഒരു മാസത്തെ സാവകാശം വേണം.

ആ ഒരു പ്രായോഗിക ബുദ്ധിമുട്ട് കൂടി കോടതി പരിഗണിച്ചിരുന്നെങ്കില്‍ സര്‍വീസ് മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസി പോകുമായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുതുടങ്ങിയതായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.  സ്ഥിരം ജോലിക്കാരുടെ ജോലി സമയം കൂട്ടും. അധിക ജോലിക്ക് അധിക ശമ്പളം നല്‍കുമെന്നും തച്ചങ്കരി അറിയിച്ചു. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരായി നിയമിക്കുമെന്നും എംഡി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com