'രവി പൂജാരി' എന്നെഴുതിയത് മലയാളിയോ?, ദുരൂഹത തുടരുന്നു; കയ്യക്ഷരം പരിശോധിക്കാന്‍ പൊലീസ് 

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ സംഭവ സ്ഥലത്ത് രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച 'രവി പൂജാരി' എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധര്‍ പരിശോധിക്കും
'രവി പൂജാരി' എന്നെഴുതിയത് മലയാളിയോ?, ദുരൂഹത തുടരുന്നു; കയ്യക്ഷരം പരിശോധിക്കാന്‍ പൊലീസ് 

കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ സംഭവ സ്ഥലത്ത് രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച 'രവി പൂജാരി' എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധര്‍ പരിശോധിക്കും. കുറിപ്പിലെ ഹിന്ദി അക്ഷരങ്ങള്‍ മലയാളികള്‍ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാല്‍ അന്വേഷണത്തിന് ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതിനിടെ നടി ലീന മരിയ പോളിന്റെ മൊഴി പൊലീസ് എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. ജീവന് ഭീഷണിയുണ്ടെന്ന് നടി ലീന മരിയ പോള്‍ പൊലീസിനോട്  പറഞ്ഞു. പുറത്ത് ഇറങ്ങാന്‍ പേടി ആണെന്നും തനിക്ക് പൊലീസ് സംരക്ഷണം  വേണമെന്നും ആവശ്യപ്പെട്ട് നടി പൊലീസിന് പരാതി നല്‍കുകയും ചെയ്തു. 

മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ടെന്നും നടി മൊഴി നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടര്‍ന്നിരുന്നു.  25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നല്‍കി. 

കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പ് പാര്‍ലര്‍ ഉടമയായ നടിയുടെ നേര്‍ക്ക് ഭീതി വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. രവി പൂജാരി തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com