എസ്എഫ്‌ഐക്കാര്‍ പൊലീസുകാരെ മര്‍ദിച്ച സംഭവം : സിപിഎമ്മില്‍ നിന്നും ഭീഷണിയുണ്ടെന്ന് പൊലീസുകാരന്‍ ; സിഐയെ സ്ഥലംമാറ്റി

സിവില്‍ പൊലീസ് ഓഫീസര്‍ ശരതാണ് പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്
എസ്എഫ്‌ഐക്കാര്‍ പൊലീസുകാരെ മര്‍ദിച്ച സംഭവം : സിപിഎമ്മില്‍ നിന്നും ഭീഷണിയുണ്ടെന്ന് പൊലീസുകാരന്‍ ; സിഐയെ സ്ഥലംമാറ്റി

തിരുവനന്തപുരം : തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പൊലീസുകാരന്റെ പരാതി. സിവില്‍ പൊലീസ് ഓഫീസര്‍ ശരതാണ് പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്കും കുടുംബത്തിനും നേര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 

കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും ശരത് പരാതിയില്‍ ആവശ്യപ്പെട്ടു. മകനെതിരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നതായി ശരതിന്റെ മാതാപിതാക്കളും സൂചിപ്പിച്ചു. 

അതിനിടെ കേസന്വേഷണ ചുമതലയില്‍ നിന്നും കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജാദിനെ മാറ്റി. ക്രമസമാധാനപാലനത്തില്‍ നിന്നും ട്രാഫിക്കിലേക്കാണ് മാറ്റിയത്. പ്രതികളെ പിടിക്കുന്നതില്‍ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ അക്രമം തടയുന്നതിലും സിഐക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് അവിടേക്ക് വന്ന ശരതിനെയും മറ്റൊരു പൊലീസുകാരനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ട്രാഫിക് പൊലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ കൂട്ടത്തോടെയെത്തി പൊലീസ് വാഹനത്തില്‍ നിന്നും പ്രതികളെ ബലമായി മോചിപ്പിക്കുകയായിരുന്നു. 

സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആരെയും പിടികൂടിയില്ല. ഒടുവില്‍ നാലുപേര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാവാണ് കേസിലെ മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. ഇയാളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com