ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; കോട്ടയം കലക്ടറെ മാറ്റി ; ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കും മാറ്റം

പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവിന് ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; കോട്ടയം കലക്ടറെ മാറ്റി ; ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കും മാറ്റം


തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോട്ടയം കലക്ടര്‍ ബി എസ് തിരുമേനിയെ മാറ്റി. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായാണ് മാറ്റിയത്.  എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. പകരം ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പി കെ സുധീര്‍ബാബുവിനെ കോട്ടയം കലക്ടറായി നിയമിച്ചു. 

പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി എം ഡി സഞ്ജീവ് കൗശിക് നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും. 

വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗള്‍ പരിശീലനത്തിന് പോകുന്ന മുറയ്ക്ക് ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനെ കെ.എസ്.ഐ.ഡി.സി എം.ഡി.യായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഡോ. ഷര്‍മിള മേരി ജോസഫ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കും. കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിന് റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒയുടെ അധിക ചുമതല നല്‍കും. 

ഡോ. രത്തന്‍ യു കേല്‍ക്കറിനെ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല നല്‍കും. സംസ്ഥാനത്തെ  മികച്ച 2000 പ്രൊഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഫിബ്രുവരി 7ന് കുസാറ്റിന്റെ കൊച്ചി ക്യാമ്പസില്‍ നടത്തുന്നതിന് അംഗീകാരം നല്‍കി. 2018ലെ കേരള സര്‍വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ഓര്‍ഡിനന്‍സ് കരട് അംഗീകരിച്ചു. 

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്ലായി പാസ്സാക്കാന്‍ സാധിക്കാതിരുന്നതും ഇപ്പോള്‍ നിലവിലുളളതുമായ നാല് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2018ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓര്‍ഡിനന്‍സ്, 2018ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുളള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഓര്‍ഡിനന്‍സ്, 2018ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കല്‍ സയന്‍സസ് അക്കാദമിയും (നടത്തിപ്പും ഭരണ നിര്‍വ്വഹണവും ഏറ്റെടുക്കല്‍) ഓര്‍ഡിനന്‍സ്, 2018ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മ എന്‍ഡോവ്‌മെന്റുകള്‍ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് എന്നീ ഓര്‍ഡിനന്‍സുകളാണ് പുനര്‍വിളംബരം ചെയ്യുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. 

കേരളത്തിന്റെ പ്രളയക്കെടുതിയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സോളോ ബൈക്ക് റൈഡ് നടത്തുന്നതിനിടെ മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ സ്വാതി ഷായ്ക്ക് എയര്‍ ആംബുലന്‍സ് സേവനം ഉപയോഗിച്ചതിനും മറ്റുമായി 9,60,031 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. 
കാസര്‍കോഡ് ജില്ലയിലെ പിലിക്കോട് പുതിയ സര്‍ക്കാര്‍ ഐടിഐ അനുവദിക്കാന്‍ തീരുമാനിച്ചു. ഇവിടെ ഡ്രാഫറ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക് എന്നീ നാല് ട്രേഡുകളുടെ രണ്ടു യൂണിറ്റുകള്‍ വീതം അനുവദിച്ചു. ഇതിനായി 11 തസ്തികകളും സൃഷ്ടിച്ചു. രണ്ടു വാച്ച്മാന്‍ മാരെ കേരള സ്‌റ്റേറ്റ് എക്‌സ്  സര്‍വ്വീസ് മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍ മുഖേനയും ഒരു ശുചീകരണ തൊഴിലാളിയെ കുടുംബശ്രീ മുഖേനയും നിയമിക്കാന്‍ അനുമതി നല്‍കി. 

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിസ് മെഡിസിന്‍ വിഭാഗവുമായി ബന്ധപ്പെട്ട് മോര്‍ച്ചറി പ്രവര്‍ത്തനയോഗ്യമാക്കുന്നതിന് 4 ഫുള്‍ടൈം സ്വീപ്പര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കും. കായംകുളം, പാല, കോട്ടയം എന്നീ ലാന്റ് അക്വിസിഷന്‍ റയില്‍വെ യൂണിറ്റുകളിലെ 49 തസ്തികകള്‍ക്ക് 01122018 മുതല്‍ രണ്ട് വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒരു സീനിയര്‍ സുപ്രണ്ട് തസ്തിക സൃഷ്ടിക്കും. കൊല്ലം കര്‍മ്മലാറാണി ട്രെയിനിംഗ് കോളേജിലെ അണ്‍എയ്ഡഡ് എം.എഡ് കോഴ്‌സ് എയ്ഡഡ് ആക്കി 10 തസ്തികകള്‍ സൃഷ്ടിച്ച 10-02-2016ലെ മന്ത്രിസഭായോഗ തീരുമാനവും തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com