കണ്ണുരുട്ടലും ഭീഷണിയും വേണ്ട ; ഇതുകൊണ്ടൊന്നും ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി ; എന്‍എസ്എസിന് പരോക്ഷമറുപടി

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയും ഉണ്ടാകുന്നു. അത് ചെലവാകുന്നിടത്ത് മതി. ഇത് കണ്ടൊന്നും ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി
കണ്ണുരുട്ടലും ഭീഷണിയും വേണ്ട ; ഇതുകൊണ്ടൊന്നും ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി ; എന്‍എസ്എസിന് പരോക്ഷമറുപടി


തിരുവനന്തപുരം : എന്‍എസ്എസിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയും ഉണ്ടാകുന്നു. അത് ചെലവാകുന്നിടത്ത് മതി. ഇത് കണ്ടൊന്നും ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തിന് പറ്റാത്ത തെറ്റായ കാര്യങ്ങളെ എതിര്‍ക്കാന്‍ കേരളം മുന്നിട്ടുനിന്നിട്ടുണ്ട്. അതിനെ ആര് എതിര്‍ക്കുന്നുവെന്ന് നോക്കി, അവരുടെ ശക്തി കണ്ട്, അവരുടെ മേനിപറച്ചിലിന് മുന്നില്‍ അടിയറവ് പറയുന്ന നില കേരളം സ്വീകരിച്ചിട്ടില്ല. അപ്പോഴെല്ലാം കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്.

പക്ഷെ കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലും അത് കണ്ട് വേവലാതിപ്പെടുന്നവരുടെ അടുത്തല്ലേ ചെലവാകൂ. അല്ലാത്തവരുടെ അടുത്ത് കണ്ണുരുട്ടിയിട്ട് എന്തുകാര്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ന്യൂനപക്ഷമെന്നോ, ഭൂരിപക്ഷമെന്നോ വേര്‍തിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

രാവിലെ കോടിയേരിബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് രം​ഗത്തെത്തിയിരുന്നു. മറ്റൊരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ്. അതിന് ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

എന്‍എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. രാഷ്ട്രീയത്തിന് അതീതമായ മതേതര നിലപാടാണ് എന്‍എസ്എസിന് എന്നുമുള്ളത്. സമീപകാല സാഹചര്യങ്ങളിലെ നിരാശ മൂലമാണ് കോടിയേരിയുടെ പ്രസ്താവന. സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. എന്‍എസ്എസിനെക്കുറിച്ചുള്ള അജ്ഞതയാണ് കോടിയേരിയുടെ വിമര്‍ശനം വെളിപ്പെടുത്തുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ എന്‍എസ്എസ്, ആര്‍എസ്എ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എന്‍എസ്എസിന്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. മന്നത്ത് പദ്മനാഭന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാമതിലിലൂടെ കേരളത്തിലെ സ്ത്രീകള്‍ ഉദ്ഘോഷിക്കാന്‍ പോകുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com