'മഞ്ജു വാര്യര്‍ വന്നില്ലെങ്കിലും ഉദാഹരണം സുജാത ഒരുകൈ ചേര്‍ക്കും; അനുപമാ രാജീവും ഒപ്പമുണ്ടാകും'

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്‍മാറിയാലും സാധാരണക്കാരായ സ്ത്രീകള്‍ മതില്‍കെട്ടാന്‍ വരുമെന്ന് എഴുത്തുകാരി ബിലു പദ്മിനി നാരായണന്‍
'മഞ്ജു വാര്യര്‍ വന്നില്ലെങ്കിലും ഉദാഹരണം സുജാത ഒരുകൈ ചേര്‍ക്കും; അനുപമാ രാജീവും ഒപ്പമുണ്ടാകും'

വോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്‍മാറിയാലും സാധാരണക്കാരായ സ്ത്രീകള്‍ മതില്‍കെട്ടാന്‍ വരുമെന്ന് എഴുത്തുകാരി ബിലു പദ്മിനി നാരായണന്‍. പിന്‍മാറ്റം മഞ്ജുവിന്റെ വ്യക്തിപരമായ തീരുമാനമായി അംഗീകരിക്കണമെന്നും മതിലിന്റെ അന്തസിന് ചേരാത്ത വിമര്‍ശനം പുരുഷ അനുഭാവികള്‍ അവസാനിപ്പിക്കണമെന്നും ബിലു ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. 

മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്ന് പിന്‍മാറി- ആയിക്കോട്ടെ. അനുകൂലിക്കാത്തവരുടെ തലയില്‍ കല്ലു വീഴ്ത്തുന്ന ശാപമതില്‍ അല്ല പെണ്ണുങ്ങള്‍ പണിയാന്‍ പോകുന്നത്. പിന്‍മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമായി അംഗീകരിക്കുക. തെറി പറഞ്ഞു മാത്രമേ പെണ്ണിനോട് വിമര്‍ശനം പൂര്‍ണ്ണമാവൂ എന്ന വനിതാ മതിലിന്റെ അന്തസ്സിനു ചേരാത്ത കാര്യം പുരുഷ അനുഭാവികള്‍ അവസാനിപ്പിക്കണം. അഭിനയിച്ച കഥാപാത്രങ്ങളുടെ ആദര്‍ശ വലയം അവരുടെ തലയില്‍ എപ്പോഴും നമ്മള്‍ വരച്ചു വെക്കേണ്ടതില്ല- ബിലു കുറിക്കുന്നു. 

അനുപമാ രാജീവ് മനസ്സുകൊണ്ട് മതിലിനൊപ്പമാണ് എന്നറിയിച്ചിട്ടുണ്ട്. ജൈവ കൃഷിയുടെ കാര്യവുമായി ബന്ധപ്പെട്ട് അവര്‍ വിദേശത്താണ്. ലീവെടുത്ത് രാജീവും കൂടെയുണ്ട്. ഉദാഹരണം സുജാതയ്ക്ക് പ്രായത്തിന്റേതായ വയ്യായ്കകള്‍ ഉണ്ട്. കുറേ പണിയെടുത്തതല്ലേ. എന്നാലും റോഡുവക്കിലുളള മകളുടെ കളക്ടര്‍ ബംഗ്ലാവിനു മുന്നില്‍ ഒരു കസേരയിട്ടിരുന്നായാലും മതിലില്‍ ഒരു കൈ അവര്‍ ചേര്‍ക്കും.

എന്തായാലും മതിലു കെട്ടുമെന്ന് ഉറപ്പിച്ച ചിലരുണ്ട്. സിനിമ കഴിഞ്ഞും ടെറസിലും പറമ്പിലും പച്ചക്കറി വിളയിച്ച സ്ത്രീകള്‍. ഈ പ്രായത്തില്‍  നീയിനി എന്തു കാട്ടാനാ എന്ന ചോദ്യത്തിന് കുറി വിളിച്ചും പണയം വെച്ചും കുടുംബശ്രീ വായ്പ വാങ്ങിച്ചും പലതും ചെയ്തവര്‍.

ഇനി ആ 'മല മറിയ്ക്കല്‍' ഒന്നും ചെയ്യാനായില്ലെങ്കില്‍പ്പോലും മാസാമാസം എന്തെങ്കിലുമൊരു വരുമാനത്തിനുള്ള വകയായിട്ടുമതി ബാക്കിയൊക്കെ എന്ന് പെണ്‍മക്കളോട് പറയുന്നവര്‍.

പി.ടി.എ മീറ്റിങ്ങില്‍ വന്ന അമ്മയോട് എന്തു ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ മകനാണ് പെട്ടെന്ന് മറുപടി പറഞ്ഞത്ബബ 'ഏയ് അമ്മ ഒന്നും ചെയ്യുന്നില്ല'. അവര്‍ പറഞ്ഞു. ടീച്ചറേ ഇവനിന്നു മാറിയിട്ടഷെഡ്ഢിയടക്കം ഒരു കുന്ന് കഴുകിയിട്ടിട്ട്, വെച്ചു തുടച്ചിട്ട് ആണ് വന്നത്. അതിനെഴുതാവുന്ന പേര് എന്താന്നു വെച്ചാല്‍ അതാ കോളത്തിലെഴുതാന്‍ പറ്റുമോ?!' ഇങ്ങനെ ഹൗസ് വൈഫ് എന്ന വാക്കിന്റെ അലങ്കാര ഭാരത്തെ എന്തു ചെയ്യണമെന്നറിയില്ലെങ്കിലും തിരിച്ചറിയുന്നവരുണ്ട്. അവര്‍ എത്രയോ പേര്‍ വരും....അതു മതി എന്നല്ല, അതാണ് ഈ മതിലിന്റെ മൂലക്കല്ലുകള്‍...- ബിലു കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com