വനിതാ മതില്‍ വെറും വോട്ട് ബാങ്ക് രാഷ്ട്രീയം; മല കയറാനെത്തിയ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ത് നവോത്ഥാനമാണ് നടത്തുന്നതെന്ന് പി ഗീത 

എല്‍ഡിഎഫ് v/s സംഘപരിവാര്‍ എന്ന സമവാക്യത്തിലേക്ക് കേരളത്തിന്റെ പൊതുബോധത്തെ നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതിലെന്നും പി ഗീത
വനിതാ മതില്‍ വെറും വോട്ട് ബാങ്ക് രാഷ്ട്രീയം; മല കയറാനെത്തിയ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ത് നവോത്ഥാനമാണ് നടത്തുന്നതെന്ന് പി ഗീത 

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ എകപക്ഷീയമായ ശക്തി പ്രകടനവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരവും മാത്രമാണെന്ന് വനിതാവകാശ പ്രവര്‍ത്തക പി ഗീത. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് തെരുവില്‍ സ്ത്രീകളെ ഇറക്കി പ്രകടനം നടത്തിയ സംഘപരിവാറിനെക്കാള്‍ കൂടുതല്‍ സ്ത്രീകളെ തെരുവിലിറക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് കാണിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പി ഗീത സമകാലിക മലയാളത്തോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടെന്നത് മറന്ന്, ഞങ്ങള്‍ തീരുമാനിച്ച പരിപാടിയില്‍ നിങ്ങള്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാകില്ലെന്ന ആധിപത്യപരമായ നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പി ഗീത ചൂണ്ടിക്കാട്ടി. 'സുപ്രീം കോടതി വിധി അനുസരിച്ച് ഒരൊറ്റ യുവതിയ്ക്ക് പോലും ശബരിമലയിലേക്ക് കയറാന്‍ പറ്റിയിട്ടില്ല. ഇത് ആക്ടിവിസ്റ്റുകള്‍ക്ക് ഉള്ളതല്ല, മാവോയിസ്റ്റുകള്‍ക്കുള്ളതല്ല എന്ന് പറഞ്ഞ് അവിടേക്ക് പോയിട്ടുള്ള സ്ത്രീകള്‍ക്കൊക്കെ ഒരു മുദ്ര ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ്. അവരൊക്കെ സമൂഹത്തില്‍ അപകടകാരികളാണ് എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുന്നതരത്തിലുള്ള കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നു.' അവരുടെ വീടിന് നേരെ കല്ലേറു വരെ നടന്നിട്ടും അവര്‍ക്കൊന്നും സുരക്ഷ ഒരുക്കികൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ത് നവോത്ഥാനമാണ് ഇവിടെ കൊണ്ടുവരാന്‍ പോകുന്നതെന്ന് ഗീത ചോദിച്ചു. 

പി കെ ശശിയെ സംരക്ഷിക്കുന്ന അവസ്ഥയില്‍ വനിതകളെക്കൊണ്ട് മതില്‍ പണിയിക്കുക എന്നുള്ളതും ഏകപക്ഷീയമായ അധികാരപ്രയോഗത്തിന്റെ ഭാഗമാണെന്ന് ഗീത നിരീക്ഷിച്ചു. വനിതാ മതിലില്‍ നിന്ന് പിന്മാറിയ സ്ത്രീകള്‍ അവര്‍ക്കൊപ്പം നിന്നപ്പോള്‍ മെച്ചപ്പെട്ടവരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് മാറിനിന്നപ്പോള്‍ തെറിവിളിക്കപ്പെടേണ്ടവരുമായി മാറിയെന്നും ഗീത കൂട്ടിച്ചേര്‍ത്തു. സാറാ ജോസഫിനും മഞ്ജു വാര്യര്‍ക്കുമെതിരെ സൈബര്‍ അക്രമണം നടത്തുന്നത് ജനാതിപത്യ രീതിയല്ലെന്നും ഗീത ഓര്‍മിപ്പിച്ചു. 

അപര്‍ണ ശിവകാമിയുടെ വീട് ആക്രമിക്കപ്പെട്ടതിനെതിരെ പ്രതിഷേധം നടത്തിയപ്പോള്‍ അപര്‍ണയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതും ഗീത ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയ സംഘടിത പ്രതിഷേധം മാത്രമേ പാടുള്ളൂ, ജനാധിപത്യപരമായ മറ്റു പ്രതിഷേധങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന സര്‍ക്കാര്‍ സമീപനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഗീത പറഞ്ഞു. വനിതാമതിലിന് പ്രതീക്ഷിക്കുന്ന പിന്തുണ കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളുമായി ബന്ധപ്പെട്ട സ്ത്രീകളെ അണിനിരത്താന്‍ സാധിക്കും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമെന്നതില്‍ കവിഞ്ഞിട്ട് സ്ത്രീരാഷ്ട്രീയത്തിന്റെയോ പരിഷ്‌കരണ രാഷ്ട്രീയത്തിന്റെയോ ഒരു ലാഞ്ചന പോലും വനിതാ മതിലില്‍ കാണാന്‍ കഴിയുന്നില്ലെന്ന് ഗീത പറഞ്ഞു. 

ശബരിമല വിഷയത്തില്‍ പ്രത്യക്ഷമായി പ്രതിരോധം തീര്‍ത്ത ബിജെപിയുടെയോ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് പറഞ്ഞ കേരള സര്‍ക്കാരിന്റെയോ നിലപാടുകളില്‍ ഫലത്തില്‍ യാതൊരു വ്യത്യാസവുമില്ല. സ്ത്രീകള്‍ക്ക് ശബരിമല കയറാന്‍ സാധിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ടെന്ന് ഗീത ചൂണ്ടിക്കാട്ടി. അവിടെ എത്തിയ സ്ത്രീകളെ ഉപദേശിച്ച് തിരിച്ചയക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏജന്‍സിയായ പൊലീസുകാര്‍ അവിടെ ചെയ്തുകൊണ്ടിരുന്നത്. എല്‍ഡിഎഫ് v/s സംഘപരിവാര്‍ എന്ന സമവാക്യത്തിലേക്ക് കേരളത്തിന്റെ പൊതുബോധത്തെ നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതിലെന്നും പി ഗീത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com