ഓര്‍ത്തഡോക്‌സ് റമ്പാന്‍ വീണ്ടും പള്ളിയില്‍, തടയാന്‍ കൂടുതല്‍ യാക്കോബായക്കാര്‍; കോതമംഗലത്ത് വന്‍ സംഘര്‍ഷം  

രാവിലെ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസിനൊപ്പം മടങ്ങിയ റമ്പാന്‍ തോമസ് പോള്‍ ഉച്ചയോടെ തിരിച്ചെത്തുകയായിരുന്നു
ഓര്‍ത്തഡോക്‌സ് റമ്പാന്‍ വീണ്ടും പള്ളിയില്‍, തടയാന്‍ കൂടുതല്‍ യാക്കോബായക്കാര്‍; കോതമംഗലത്ത് വന്‍ സംഘര്‍ഷം  

കോതമംഗലം: ഓര്‍ത്തഡോക്‌സ് റമ്പാന്‍ പ്രാര്‍ഥനയ്ക്കായി വീണ്ടുമെത്തിയതോടെ കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ വന്‍ സംഘര്‍ഷം. രാവിലെ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസിനൊപ്പം മടങ്ങിയ റമ്പാന്‍ തോമസ് പോള്‍ ഉച്ചയോടെ തിരിച്ചെത്തുകയായിരുന്നു. പള്ളിയില്‍ കയറാതെ മടങ്ങില്ലെന്ന നിലപാടിലാണ് റമ്പാന്‍. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. 

രാവിലെ പ്രാര്‍ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു. വന്‍ പൊലീസ് സംഘം പള്ളി പരിസരത്ത് എത്തിയിയിരുന്നെങ്കിലും ബലപ്രയോഗമുണ്ടായില്ല. പ്രതിഷേധം കനത്തതോടെ റമ്പാനെ പൊലീസ് സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. എന്നാല്‍ ഉച്ചയോടെ റമ്പാന്‍ തിരിച്ചെത്തി. 

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ സുപ്രിം കോടതി വിധിയോടെ നിയമപരമായി അധികാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ വിധി നടപ്പാക്കാനായിട്ടില്ല. ഇതിനിടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 

ഫോട്ടോ; എ സനേഷ്/ എക്‌സ്പ്രസ്‌
 

നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ചാണ് വാഴാഴ്ച രാവിലെ പത്തരയോടെ ഓര്‍ത്തഡോക്‌സ് റമ്പാന്‍ പള്ളിയില്‍ എത്തിയത്. യാക്കോബായ വിഭാഗത്തിലെ സ്ത്രീകള്‍ അടക്കമുള്ള വന്‍ സംഘം റമ്പാനെ തടയുകയായിരുന്നു. പള്ളിക്കു മുന്നില്‍ നിലത്ത് വീണുകിടന്ന് ഇവര്‍ പ്രതിരോധം തീര്‍ത്തു. റമ്പാന്‍ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ടായിരുന്നു പ്രതിരോധം. 

ഒരു വിഭാഗം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇതോടെ സംഘര്‍ഷം കനത്തു. റമ്പാനൊപ്പം ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഏതാനും പേര്‍ മാത്രമാണ് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com