ശബരിമലയില്‍ കണ്ടത് എന്റെ ജോലി മാത്രം; ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ലെന്ന് യതീഷ് ചന്ദ്ര

വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ഇറങ്ങുന്നതെന്ന് എസ്പി യതീഷ് ചന്ദ്ര
ശബരിമലയില്‍ കണ്ടത് എന്റെ ജോലി മാത്രം; ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ലെന്ന് യതീഷ് ചന്ദ്ര

തിരുവനന്തപുരം: വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ഇറങ്ങുന്നതെന്ന് എസ്പി യതീഷ് ചന്ദ്ര. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തന്റെ ജോലി മാത്രമാണ് ശബരിമലയില്‍ കണ്ടത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് താന്‍. അവിടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ലെന്നും വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ യതീഷ് ചന്ദ്ര നിലപാട് വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും 50 ശതമാനം ആളുകളെ മാത്രമേ സംതൃപ്തരാക്കാന്‍ പറ്റൂ. വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാല്‍ ഒഴിപ്പിച്ചുകിട്ടിയവര്‍ക്കു സ്‌നേഹം തോന്നും. ഒഴിഞ്ഞവര്‍ക്ക് അടങ്ങാത്ത അമര്‍ഷവും. സേനയുടെ ഗതികേടാണിത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ആയിരുന്നില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. 

പ്രളയസമയത്തു സ്വന്തം കുടുംബത്തിന്റെ അവസ്ഥപോലും നോക്കാതെയാണു പല പൊലീസ് ഉദ്യോഗസ്ഥരും കര്‍മനിരതരായത്. ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നത് എന്തിനാണ്?. അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോഴെങ്ങനെ മോശക്കാരാകും. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ വേദനയാണിതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

കഴിഞ്ഞദിവസം, ശബരിമലയിലേക്കുള്ള യാത്രാമധ്യേ ധിക്കാരപരമായി പെരുമാറിയെന്ന് ആരോപിച്ച്, നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. 
നാല്‍പ്പതു വര്‍ഷമായി ശബരിമലയില്‍ പോവുന്ന ആളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഭക്തന്‍ എന്ന നിലയിലാണ് ഇത്തവണം ദര്‍ശനത്തിനു പോയത്. അവിടെയെത്തിയപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ വന്നു. ഇതു പൊലീസിനോടു പറഞ്ഞപ്പോള്‍ എസ്പി ധിക്കാരപരമായി പെരുമാറുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com