എന്‍എസ്എസ് ആര്‍എസ്എസിന്റെ വര്‍ഗീയ സമരങ്ങള്‍ക്ക് തീപകരുന്നു; ചരിത്രപരമായ തലകുത്തി വീഴ്ചയെന്ന് കോടിയേരി 

സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
എന്‍എസ്എസ് ആര്‍എസ്എസിന്റെ വര്‍ഗീയ സമരങ്ങള്‍ക്ക് തീപകരുന്നു; ചരിത്രപരമായ തലകുത്തി വീഴ്ചയെന്ന് കോടിയേരി 

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയസമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുമുണ്ടായിരിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി എന്‍എസ്എസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. 

ഡിസംബര്‍ 26ന് ആര്‍എസ്എസ് നടത്തുന്ന 'അയ്യപ്പജ്യോതി' യില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍എസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടേയുമെല്ലാം ആശയമാണ് വനിതാമതിലില്‍ തെളിയുന്നത്. മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍എസ്എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലില്‍നിന്ന് മോചിതമാകാന്‍ വീണ്ടുവിചാരത്തിന് എന്‍എസ്എസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

എന്‍എസ്എസിനോടോ മറ്റ് സാമൂഹ്യ സംഘടനകളോടോ അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടോ കാലോചിതമായ അഭിപ്രായങ്ങളോടോ എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു അകല്‍ച്ചയോ വിദ്വേഷമോ ഇല്ല. എന്നാല്‍, സ്ത്രീപുരുഷ സമത്വം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. അതിനെ ധാര്‍ഷ്ട്യമെന്ന് മുദ്രകുത്തുന്നത് മറുകണ്ടം ചാടലാണെന്ന് കോടിയേരി് ഓര്‍മ്മിപ്പിച്ചു. 

കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരില്‍ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍എസ്എസ് നേതാവില്‍ ഇന്നുകാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അത് മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്- കോടിയേരി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com