മാധ്യമങ്ങള്‍ക്ക് എന്റെ സ്വകാര്യതയില്‍ എന്തുകാര്യം?; ലീന മരിയ പോള്‍ സംസാരിക്കുന്നു 

കടവന്ത്രയില്‍ വെടിവെയ്പ് നടന്ന ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും സിനിമ നടിയുമായ ലീന മരിയ പോള്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്ത്
മാധ്യമങ്ങള്‍ക്ക് എന്റെ സ്വകാര്യതയില്‍ എന്തുകാര്യം?; ലീന മരിയ പോള്‍ സംസാരിക്കുന്നു 

കൊച്ചി: കടവന്ത്രയില്‍ വെടിവെയ്പ് നടന്ന ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും സിനിമ നടിയുമായ ലീന മരിയ പോള്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്ത്. അനാവശ്യമായി തന്റെ വ്യക്തിജീവിതത്തിലേക്ക് മാധ്യമങ്ങള്‍ അതിക്രമിച്ച് കയറുന്നതായി ലീന മരിയ പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 
 
സത്യം പുറത്തുകൊണ്ടുവരുന്നതിന് പകരം തന്റെ വ്യക്തിജീവിതം ചികയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം. തന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറുമായുളള ദാമ്പത്യബന്ധം ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാധ്യമങ്ങള്‍ കണ്ണോടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 

ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ് നടത്തിയ ആ രണ്ടുപേര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് ലീന മരിയ പോള്‍ ചോദിച്ചു. അവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പോയി സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ ജീവിതം വര്‍ണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിച്ചുതാമസിക്കാനുളള അവസരം ഒരുക്കുകയാണെന്ന് അവര്‍ ആശങ്ക രേഖപ്പെടുത്തി. 

തന്റെ ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസ് സുരക്ഷ നല്‍കിയില്ലെന്നും ലീന മരിയ പോള്‍ ആരോപിച്ചു. ആക്രമണം സംബന്ധിച്ച് പൊലീസിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നാല്‍ ഇത് തടയാന്‍ ഒരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ലെന്നും ലീന മരിയ പോള്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പൊലീസിനെതിരെ ഒരു പരാതിയുമില്ല. പൊലീസ് സംവിധാനത്തെ ബഹുമാനിക്കുന്നതായും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ലീന മരിയ പോള്‍ പറഞ്ഞു. 

രവി പൂജാരി എന്ന പേരില്‍ തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടക്കത്തില്‍ താന്‍ ഇത് അവഗണിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കോളുകള്‍ എത്തിയതോടെ നിയമോപദേശം തേടുകയും കോളുകള്‍ റെക്കോഡ് ചെയ്യുകയും ചെയ്തതായി ലീനമരിയ പോള്‍ പറഞ്ഞു.തുടര്‍ന്ന്  ഭീഷണി സന്ദേശങ്ങളെ കുറിച്ച് അന്വേഷിച്ച് പൊലീസ് തന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അവരുടേതായ അന്വേഷണത്തിലുടെയാണ് ഇക്കാര്യം അറിഞ്ഞത് എന്നാണ് താന്‍ ധരിച്ചിരുന്നതെന്നും ലീന മരിയ പോള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com