നടന്നുതളര്‍ന്ന അയ്യപ്പഭക്തന്റെ കാല്‍ തിരുമ്മി പൊലീസ്, വീണ്ടും ശബരിമലയില്‍ നിന്ന് നന്മയുടെ മാതൃക ( വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 22nd December 2018 10:23 AM |
Last Updated: 22nd December 2018 10:23 AM | A+A A- |
ശബരിമല: തുലാമാസ, ചിത്തിര ആട്ട വിശേഷ നാളുകളെ അപേക്ഷിച്ച് ശബരിമല തീര്‍ഥാടനം ഇപ്പോള്‍ സംഘര്‍ഷങ്ങളില്ലാതെ സുഗമമായി മുന്നേറുകയാണ്. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ഏറെ വിമര്‍ശനവും പഴിയും കേട്ടത് പൊലീസ് സേനയാണ്. ഇതിനിടെ പൊലീസുകാരുടെ നന്മയുടെ ചില വേറിട്ട ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയും ചെയ്തിരുന്നു. ഈ കൂട്ടത്തിലേക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് മറ്റൊന്നു കൂടി എത്തിയിരിക്കുകയാണ്.
സന്നിധാനത്തെത്തിയ വൃദ്ധയായ അമ്മയെ കൈപിടിച്ച് ദര്‍ശനം നടത്തുന്ന പൊലീസുകാരന്റെ ചിത്രമാണ് ആഴ്ചകള്‍ക്ക് മുന്‍പ് വൈറലായിരുന്നത്. നടന്നുതളര്‍ന്ന അയ്യപ്പഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. മല കയറുന്നതിനിടെ തളര്‍ന്നിരിക്കുന്ന അയ്യപ്പഭക്തന്റെ അടുത്ത് ഓടിയെത്തി കാല്‍ തിരുമ്മി കൊടുക്കുന്നതാണ് ഈ പൊലീസുകാരന്‍. നന്‍മയുടെയും സേവനത്തിന്റെയും ഈ മികച്ച മാതൃകയെ ഏറ്റെടുത്തും അനുമോദിച്ചും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.