പെട്ടെന്ന് അടുത്ത വീട്ടിലെ ലൈറ്റ് തെളിഞ്ഞു, ചുവപ്പ് ലൈറ്റ് മോഷ്ടാക്കള്‍ തെറ്റിദ്ധരിച്ചു, ഭാഗ്യം ബാങ്കിന് 12 ലക്ഷം പോയില്ല!; പാളിയ മോഷണശ്രമങ്ങളുടെ കഥ
By സമകാലികമലയാളം ഡെസ്‌ക് | Published: 22nd December 2018 07:38 AM |
Last Updated: 22nd December 2018 07:38 AM | A+A A- |
കോട്ടയം : കോട്ടയം ജില്ലയില്‍ നടന്ന എടിഎം കവര്‍ച്ചാശ്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെമ്പള്ളിയിലെയും മോനിപ്പള്ളിയിലെയും എടിഎമ്മുകളില്‍ കവര്‍ച്ച നടത്താതെ തട്ടിപ്പു സംഘം പിന്‍മാറിയതിനാല്‍ നഷ്ടമാകാതിരുന്നത് 12 ലക്ഷത്തോളം രൂപയാണെന്ന് പൊലീസ് പറയുന്നു. ഒക്ടോബര്‍ 12ന് പുലര്‍ച്ചെ ഇരുമ്പനത്തും കൊരട്ടിയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ അപഹരിക്കുകയും വെമ്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമം നടത്തുകയും ചെയ്ത സംഘത്തെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതോടെയാണ് പാളിയ ശ്രമങ്ങളുടെ കഥ പുറത്തു വന്നത്. കസ്റ്റഡിയില്‍ വിട്ടു കിട്ടിയ നസീമിന്റെയും ഹനീഫിന്റെയും വിശദമായി മൊഴി പൊലീസ് രേഖപ്പടുത്തി.
വെമ്പള്ളിയില്‍ ഒക്ടോബര്‍ 12ന് പുലര്‍ച്ചെ 1.10നും മോനിപ്പള്ളിയില്‍ 1.37നുമാണ് മോഷണ ശ്രമം നടന്നത്. വെമ്പള്ളിയിലെ കൗണ്ടറിന്റെ മുന്നില്‍ റോഡിലേക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ സ്റ്റാന്‍ഡ് ഒടിച്ച് തൂക്കിയിടുകയും മോനിപ്പള്ളിയിലെ ഒരു ക്യാമറ പ്രത്യേക ദ്രാവകം സ്‌പ്രേ ചെയ്ത് കാഴ്ച മറയ്ക്കുകയും ചെയ്തിരുന്നു. വെമ്പള്ളിയില്‍ കവര്‍ച്ചയ്ക്കുള്ള ശ്രമം നടക്കവെ എടിഎം കൗണ്ടറിനു പിന്‍ ഭാഗത്തുള്ള വീട്ടിലെ ലൈറ്റ് തെളിഞ്ഞു. ഇതോടെ ഉദ്യമത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
അര മണിക്കൂറിനുള്ളില്‍ മോനിപ്പള്ളിയിലെത്തി. ഇവിടെ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ തുടങ്ങവെ ചുവന്ന ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് കൗണ്ടറില്‍ പണമില്ലെന്നതിന്റെ സൂചനയാണ്. ഇതോടെ പിന്‍മാറി. എന്നാല്‍ എസ്ബിഐ എടിഎം കൗണ്ടറില്‍ 12 ലക്ഷം രൂപയോളം ഉണ്ടായിരുന്നതായി ബാങ്ക് അധികൃതര്‍ പൊലീസിന് മൊഴി നല്‍കി. തകരാര്‍ മൂലമാണ് ചുവപ്പ് ലൈറ്റ് തെളിഞ്ഞത്. കോട്ടയം ജില്ലയിലെ രണ്ടിടങ്ങളില്‍ നടത്തിയ കവര്‍ച്ചാ ശ്രമത്തിനു ശേഷമാണ് സംഘം ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ അപഹരിച്ചത്.