ശബരിമല ദർശനത്തിനായി മനിതി സംഘം കേരളത്തിൽ; പൊലീസ് സുരക്ഷയിൽ കോട്ടയത്തേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd December 2018 10:38 PM |
Last Updated: 22nd December 2018 10:44 PM | A+A A- |

കുമളി: ശബരിമല ദർശനത്തിനായി തമിഴ്നാട്ടിൽ നിന്നുള്ള യുവതികളടക്കമുള്ള മനിതി സംഘം കേരളത്തിലെത്തി. മനിതി അംഗങ്ങൾ കുമളി കമ്പംമെട്ട് വഴിയാണ് ഇവർ കേരളത്തിലെത്തിയത്. പൊലീസിന്റെ അകമ്പടിയോടെ ഇവർ കോട്ടയത്തേക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്. യുവതികൾ എത്തുമെന്ന് അറിഞ്ഞതോടെ കുമളി ചെക്ക് പോസ്റ്റിന് സമീപം ബിജെപി പ്രവർത്തകർ സംഘടിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന മനിതി സംഘത്തിലുള്ളത് പന്ത്രണ്ട് പേരാണ്. ചെന്നൈയില്‍ നിന്ന് 12 പേരും മധുരയില്‍ നിന്ന് രണ്ട് പേരും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും അഞ്ചു പേര്‍ വീതവും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇവര്‍ എത്തുമോയെന്ന് ഉറപ്പില്ല. പമ്പയിലെത്തി മാലയിട്ട് ശബരിമലയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവരെത്തുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടന കാലത്തിന്റെ അവാസന ദിനങ്ങളില്‍ യുവതികള്‍ എത്തുന്നത് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലാക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പന്ത്രണ്ട് പേര്‍ അടങ്ങുന്ന ചെറു സംഘത്തിന് വേണ്ടി തീര്‍ഥാടനം സംഘര്‍ഷത്തിലാക്കുന്നത് ഒഴിവാക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഘര്‍ഷം ഒഴിഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ശബരിമലയില്‍ ഏതു നിമിഷവും കാര്യങ്ങള്‍ വഷളാകാവുന്ന സാഹചര്യമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിന് ഇടവയ്ക്കുന്ന നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. മനിതി സംഘത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാവും പൊലീസ് ശ്രമിക്കുക. എന്നിട്ടും തീര്‍ഥാടനം തുടരാനാണ് ഇവരുടെ തീരുമാനമെങ്കില്‍ സുരക്ഷ ഒരുക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കുമെന്നാണ് സൂചനകള്‍.