അട്ടപ്പാടി ശിശുമരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; യുണിസെഫിന്റെ വിദഗ്ധസംഘം പഠിക്കും

ഈ മാസം 31ന് മന്ത്രി കെ.കെ ശൈലജ അട്ടപ്പാടി സന്ദര്‍ശിക്കും. അട്ടപ്പാടിയില്‍  ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും
അട്ടപ്പാടി ശിശുമരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; യുണിസെഫിന്റെ വിദഗ്ധസംഘം പഠിക്കും

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 31ന് മന്ത്രി കെ.കെ ശൈലജ അട്ടപ്പാടി സന്ദര്‍ശിക്കും. അട്ടപ്പാടിയില്‍  ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ശിശുമരണങ്ങളെക്കുറിച്ച് യുണിസെഫിന്റെ വിദഗ്ധസംഘം പഠിക്കും. 

നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് ഇന്നലെ മരിച്ചത്. കോട്ടത്തറ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ആനക്കട്ടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അട്ടപ്പാടിയില്‍ മാത്രം ഈ വര്‍ഷം പതിമൂന്ന് ആദിവാസി കുട്ടികള്‍ മരിച്ചതായാണ് കണക്ക്

രങ്കമ്മയെ കഴിഞ്ഞ പത്തൊന്‍പതിനാണ് പ്രസവശുശ്രൂഷയ്ക്ക് കോട്ടത്തറ ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇന്നലെ രാത്രി പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലായിരുന്നു. തുടര്‍ന്ന് ആനക്കട്ടിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. 

രണ്ട് ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍ മൂന്നുമാസമായി അവധിയിലും മറ്റൊരാള്‍ പരിശീലന അവധിയിലുമാണ്. പകരത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതാണ് പ്രതിസന്ധി.മറ്റു ചില ഡോക്ടര്‍മാരെ ശബരിമല ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്.  

പോഷകാഹാരക്കുറവ് മൂലമുളള ശിശുമരണം കുറഞ്ഞപ്പോള്‍ ജനിതകവൈകല്യങ്ങളാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ വര്‍ഷം 14 കുഞ്ഞുങ്ങളാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com