മെഡിക്കല്‍ കൊളേജില്‍ കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 34 മൊബൈല്‍ ഫോണുകള്‍; പരീക്ഷ റദ്ദാക്കി

പരീക്ഷയ്ക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
മെഡിക്കല്‍ കൊളേജില്‍ കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 34 മൊബൈല്‍ ഫോണുകള്‍; പരീക്ഷ റദ്ദാക്കി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കൊളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്റേണ്‍ല്‍ പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചത്. പരീക്ഷയ്ക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. 92 പേരാണ് പരീക്ഷയെഴുതിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. ജെ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. 

പരീക്ഷാ ഹാളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയ കോപ്പിയടി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയും രക്ഷിതാക്കള്‍ ഇ മെയില്‍ വഴി പരാതി നല്‍കുകയും ചെയ്തപ്പോഴാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ 34 മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇന്റേണല്‍ പരീക്ഷയാണെങ്കിലും ഇതില്‍ ലഭിക്കുന്ന മാര്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലേക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്.

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യ സര്‍വകലാശാല കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഹാളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മൊബൈല്‍ ജാമര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് കോപ്പിയടി പിടിച്ചപ്പോഴാണ് അധികൃതര്‍ അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com