വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുത്താല്‍ തടയരുത്; എല്ലാ മതത്തില്‍ പെട്ടവരെയും പങ്കെടുപ്പിക്കണം; കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം 

തെറ്റായ പ്രാചാരണങ്ങളെ നേരിടാന്‍ പ്രാദേശികകമായി മുന്‍കൈയെടുക്കണം. സംഘടനകള്‍ കുട്ടികളെ പങ്കെടുപ്പിച്ചാല്‍ തടയേണ്ടതില്ലെന്നും സംസ്ഥാന സമിതി നിര്‍ദേശം നല്‍കി
വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുത്താല്‍ തടയരുത്; എല്ലാ മതത്തില്‍ പെട്ടവരെയും പങ്കെടുപ്പിക്കണം; കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം 


തിരുവനന്തപുരം: വനിതാമതിലില്‍ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാന്‍  കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം. തെറ്റായ പ്രാചാരണങ്ങളെ നേരിടാന്‍ പ്രാദേശികകമായി മുന്‍കൈയെടുക്കണം. സംഘടനകള്‍ കുട്ടികളെ പങ്കെടുപ്പിച്ചാല്‍ തടയേണ്ടതില്ലെന്നും സംസ്ഥാന സമിതി നിര്‍ദേശം നല്‍കി. പതിനെട്ടുവയസ്സില്‍ താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാമതിലില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കെപിസിസി  സര്‍ക്കുലര്‍ പുറത്തിറക്കി!. വര്‍ഗീയ ധ്രൂവികരണത്തിന് മതില്‍, വഴിവെക്കുമെന്നും ഇതില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കണമെന്നും കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കീഴ്ഘടകങ്ങള്‍ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍പണം ധൂര്‍ത്തടിക്കുകയും ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന വനിതാമതിലിനെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

വനിതാ മതില്‍ വന്‍വിജയമാകാന്‍ പോകുന്നുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാര്‍ വ്യാപകമായി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതില്‍. 

സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയില്‍ രൂപപ്പെടുന്ന വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണു പ്രതിപക്ഷ ശ്രമം. അതു വിലപ്പോവില്ലെന്നു ജനുവരി ഒന്നിനു തെളിയിക്കും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍, സ്ത്രീസമത്വം മുന്‍നിര്‍ത്തിയുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ സ്വമേധയാ എത്തുന്നതു സ്ഥാപിത താല്‍പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയില്‍ നിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കല്‍ തന്ത്രങ്ങളും. 

വനിതാ മതില്‍, വനിതകളുടേതു മാത്രമായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. നവോത്ഥാനത്തിന്റെ തുടര്‍ച്ച ലക്ഷ്യം വച്ചു നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്കു വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ അണിനിരക്കുമെന്നു വ്യക്തമാണ്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു തെറ്റിദ്ധാരണ പരത്തല്‍. അതു വിജയിക്കാന്‍ പോകുന്നില്ല. 

സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള പണം വനിതാ മതിലിന് ഉപയോഗിക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ പണം കൊണ്ടാണു വനിതാ മതില്‍ രൂപീകരിക്കാന്‍ പോകുന്നതെന്ന നുണ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അസത്യം പലകുറി ആവര്‍ത്തിച്ചാല്‍ ചിലരെങ്കിലും സത്യമെന്നു കരുതുമെന്ന ചിന്തയാവണം അവരെ നയിക്കുന്നത്. കോടതിയില്‍ കൊടുത്ത രേഖയെക്കുറിച്ചു പറഞ്ഞു കൊണ്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമം. എന്നാല്‍, സര്‍ക്കാര്‍ പണം ഉപയോഗിച്ചു വനിതാ മതില്‍ സംഘടിപ്പിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

തെറ്റിദ്ധരിപ്പിക്കല്‍ എല്ലാ അതിരും വിടുന്ന നിലയിലാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. അസത്യ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലും വനിതാ മതില്‍ വന്‍വിജയമാകാന്‍ പോകുന്നുവെന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉല്‍ക്കണ്ഠയാണു വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com