ശബരിമല കയറാനെത്തുന്ന പെണ്‍കൂട്ടായ്മ എന്താണ്?; 'മനിതി'യുടെ കഥ ഇങ്ങനെ

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് സംഘടനയുടെ പിറവി
ശബരിമല കയറാനെത്തുന്ന പെണ്‍കൂട്ടായ്മ എന്താണ്?; 'മനിതി'യുടെ കഥ ഇങ്ങനെ


ബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികള്‍ അടക്കമുള്ള മനിതി സംഘം കേരളത്തിലെത്തി. കുമളി കമ്പംമേട്ട് വഴി കേരളത്തിലെത്തിയ ഇവര്‍ കോട്ടയത്തേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ട്. യുവതികള്‍ എത്തുന്നത് അറിഞ്ഞതോടെ കുമളി ചെക്ക് പോസ്റ്റിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 45 സ്ത്രീകളാണ് മനിതിയുടെ നേതൃത്വത്തില്‍ പമ്പയില്‍ നിന്ന് മാലയിട്ട് മലകയറാന്‍ ഉദ്ദേശിക്കുന്നത്. മലകയറാനെത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉറപ്പു ലഭിച്ചു കഴിഞ്ഞു എന്ന് സംഘം അവകാശപ്പെടുമ്പോള്‍, ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് ആരും സുരക്ഷ തേടി തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് ശബരിമല മേല്‍നോട്ട ചുമതലയുള്ള ഐജി മനോജ് എബ്രഹാം പറയുന്നത്. 

എന്താണ് മനിതി?

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് സംഘടനയുടെ പിറവി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ മറീന ബീച്ചില്‍ ഒത്തുചേര്‍ന്ന സ്ത്രീകളാണ് സംഘടനയുടെ പിറവിയ്ക്ക് വഴിയൊരുക്കിയത്. പിന്നീട് ഈ കൂട്ടായ്മ തമിഴ്‌നാട്ടിലെ ദുരഭിമാന കൊലകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധങ്ങളുമായി കളം നിറഞ്ഞു.  

വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ ഇപ്പോള്‍ മനിതിയില്‍ ഭാഗമായുണ്ട്. രാജ്യത്തെ പലയിടങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംഘടന. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം. സംഘടനയുടെ കോ-ഓര്‍ഡിനേറ്ററായ ശെല്‍വിയാണ് ശബരിമല കയറാന്‍ യുവതികളെ ഏകോപിപ്പിക്കാന്‍ മുഖ്യ പങ്കുവഹിച്ചിരിക്കുന്നത്.

രണ്ട് സംഘങ്ങളായാണ് തമിഴ്‌നാട്ടിലെ മനിതി അംഗങ്ങള്‍ ശബരിമലയില്‍ എത്തുക എന്നറിയുന്നു. ചെന്നൈയില്‍ നിന്ന് പന്ത്രണ്ടും മധുരയില്‍ നിന്ന് ഒമ്പതുപേരും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. ഒഡീഷ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുവളര്‍ വെള്ളിയാഴ്ച രാത്രി യാത്രപുറപ്പെട്ടിരുന്നു. തങ്ങളെ യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ തടയില്ല എന്നാണ് വിശ്വാസമെന്ന് സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ശെല്‍വി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com