വനിതാ മതില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കും; സമദൂരം പറയുന്നവര്‍ക്ക് ഇപ്പോള്‍ ഒരു ദൂരം മാത്രമെന്ന് വെള്ളാപ്പള്ളി
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd December 2018 10:48 AM |
Last Updated: 23rd December 2018 10:48 AM | A+A A- |

കോട്ടയം: ചാതുര്‍വര്‍ണ്യം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി-മതഭേദമന്യേ എല്ലാവരും ഒത്തുചേരുന്നതാകും ജനുവരി ഒന്നിലെ വനിതാ മതിലെന്നും വെള്ളാപ്പളളി പറഞ്ഞു.
ലോകറെക്കോര്‍ഡാകുന്ന ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ നവോത്ഥാന നായകനായ ഗുരുദേവനെ വിസ്മരിക്കുന്നവരാണ്. ക്ഷേത്രം സ്ഥാപിച്ചതിന്റെ പേരില്‍ ആറാട്ടുപുഴ വേലായുധ പണിക്കരെ വെള്ളത്തിലിട്ട് വെട്ടിക്കൊന്നവരുടെ നാടാണ് കേരളം. വൈക്കം ക്ഷേത്രത്തിനെതിരെയുള്ള റോഡിലൂടെ അവര്‍ണര്‍ക്ക് വഴിനടക്കാനുളള സ്വാതന്ത്ര്യത്തിനായി ജാഥ നയിച്ച മന്നത്തിന്റെ നാടാണ് കേരളം.
ഗുരുദേവനും അയ്യങ്കാളിയും അയ്യാ വൈകുണ്ഠ സ്വാമിയും അടക്കമുള്ള നവോത്ഥാന നായകര്‍ രൂപപ്പെടുത്തിയെടുത്ത ഇന്നത്തെ കേരളത്തെ മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമദൂരം പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ ഒരു ദൂരം മാത്രമാണ് പറയുന്നത്. പ്രതിപക്ഷം എസ്എന്‍ഡിപിയെ എന്തിന് വിമര്‍ശിക്കണം. തന്ത്രിയും ഒരു ദൂരം പറയുന്നവരും കേള്‍ക്കാന്‍ എസ്എന്‍ഡിപിയെ കിട്ടില്ല. ഇവര്‍ പറയുന്നത് കേരളത്തിലെ പ്രതിപക്ഷത്തിന് സ്വീകാര്യമാകും. ആചാരങ്ങളും അനുഷ്ടാനങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. അനാചാരങ്ങള്‍ മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ ദൈവം പൊറുക്കില്ലെന്നും അനാചാരങ്ങള്‍ക്കെതിരായ സ്ത്രീ മുന്നേറ്റമാണ് വനിതാ മതിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.