പമ്പയില്‍ നാടകീയ രംഗങ്ങള്‍; മനീതി സംഘം പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി; അറസ്റ്റ് 

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനീതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പമ്പയില്‍ നാടകീയ രംഗങ്ങള്‍
പമ്പയില്‍ നാടകീയ രംഗങ്ങള്‍; മനീതി സംഘം പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി; അറസ്റ്റ് 

പമ്പ: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനീതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പമ്പയില്‍ നാടകീയ രംഗങ്ങള്‍. പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മനീതി സംഘത്തെ കൊണ്ടുപോകാനുള്ള ശ്രമം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  ഇവരെ തത്കാലത്തേക്ക് ഗാര്‍ഡ് റൂമിലേക്ക് മാറ്റി. ഇതിനിടെ നിരോധാനജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കുകയാണ്. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.

മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മനീതി സംഘത്തിന് പമ്പയില്‍ നിന്ന് മുന്നോട്ട് പോകാന്‍ സാഹചര്യം ഒരുക്കിയത്. 
മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവര്‍ പിരിഞ്ഞുപോകണമെന്ന് മെഗാഫോണില്‍ കൂടി ആവര്‍ത്തിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്. ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി സംഘം പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്ത് പോലീസുകാരുടെ എണ്ണം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയുമാണ്.

ഇരുപക്ഷത്തിന്റെയും സുരക്ഷ പ്രശ്‌നമാണെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം.  അതേസമയം ആചാര ലംഘനമുണ്ടായാല്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസഡന്റ പറഞ്ഞു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവില്‍ വെച്ച് തടയാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് ഇവര്‍ പോലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് സംഘമായാണ് വനിതകള്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്‌നാട് പോലീസുമുണ്ട്. കമ്പംമേട് വെച്ച് ഇവരെ കേരളാ പോലീസിന് കൈമാറി. സംഘര്‍ഷം മുന്നില്‍ കണ്ട് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള വഴികളിലെല്ലാം പ്രതിഷേധമുണ്ടാകുമെന്നാണ് വിവരം. അതേസമയം റോഡ് മാര്‍ഗം മാത്രമല്ല ട്രെയിന്‍ വഴിയും എത്തിയാല്‍ തടയാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 

ശബരിമലയിലേക്ക് എത്താന്‍ യുവതികള്‍ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് രാത്രിയില്‍ത്തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com