മലയിറങ്ങിയിട്ടും പക തീരുന്നില്ല; മനിതി സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

ശബരിമല ​ദർശനത്തിനെത്തി പ്രതിഷേധത്തെ തുടർന്ന് പാതി വഴിയിൽ ശ്രമം ഉപേക്ഷിച്ച് മടങ്ങിയ മനിതി സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം
മലയിറങ്ങിയിട്ടും പക തീരുന്നില്ല; മനിതി സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

തേനി: ശബരിമല ​ദർശനത്തിനെത്തി പ്രതിഷേധത്തെ തുടർന്ന് പാതി വഴിയിൽ ശ്രമം ഉപേക്ഷിച്ച് മടങ്ങിയ മനിതി സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. തേനി - മധുര ദേശീയ പാതയിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കുകയായിരുന്നു. വാഹത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. തമിഴ്നാട് പൊലീസിന്റെ സുരക്ഷയിലാണ് സംഘം മടങ്ങുന്നത്. 

പുലർച്ചെ ദർശനത്തിനായി എത്തിയ മനിതിയിലെ ആദ്യ സംഘം മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ഒടുവില്‍ മല കയറാതെ മടങ്ങുകയായിരുന്നു. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മധുരയിലേക്ക് തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മടങ്ങിപ്പോകുന്നതിനെ ചൊല്ലി പൊലീസും മനിതി സംഘവും വ്യത്യസ്ത അഭിപ്രായമാണ് ഉന്നയിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരമാണ് ഇവര്‍ തിരിച്ചുപോകുന്നതെന്ന് പൊലീസ് പറയുമ്പോള്‍, പൊലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുകയാണെന്ന് മനിതി സംഘം ആരോപിക്കുന്നു. 

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മനിതി സംഘത്തെ കൊണ്ടുപോകാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകളെ തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ ഇവരെ തത്കാലത്തേയ്ക്ക് ഗാര്‍ഡ് റൂമിലേക്ക് മാറ്റി. പ്രതിഷേധം കനത്തത്തോടെ മനിതി സംഘത്തെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാനുളള ശ്രമത്തില്‍ നിന്ന് പൊലീസ് പിന്മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com